ചൈനയേക്കാൾ പ്രധാനം, ഇന്ത്യയുമായുള്ള ബന്ധത്തിന് യൂറോപ്പ് കൂടുതൽ ഊന്നൽ നൽകുന്നു - യോഹാൻ വാഡെഫുൾ

ബെർലിൻ: വളർന്നുവരുന്ന ശക്തികളെ ബ്രിക്സ് ( BRICS) ചട്ടക്കൂടിലൂടെ മാത്രമാണ് യൂറോപ്പ് നോക്കിക്കണ്ടതെന്നും കഴിഞ്ഞകാലങ്ങളിലെ തന്ത്രപരമായ തെറ്റായിരുന്നു ഇതെന്നും ജർമ്മൻ വിദേശകാര്യമന്ത്രി യോഹാൻ വാഡെഫുൾ. ഈ സമീപനം ഇന്ത്യ പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തിൽ അനാവശ്യമായ അകൽച്ച സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിപ്പോൾ തങ്ങളുടെ ആഗോള വീക്ഷണം പുനഃപരിശോധിക്കുകയും ഇന്ത്യ, ബ്രസീൽ പോലുള്ള രാജ്യങ്ങളുമായി ജനാധിപത്യ മൂല്യങ്ങൾ പങ്കിടാനും രാജ്യങ്ങൾക്കിടയിലെ പൊതുതാൽപര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുകയാണെന്നും വാഡെഫുൾ വ്യക്തമാക്കി.
നയരൂപകർത്താക്കൾ ബ്രിക്സ് എന്ന ലേബലിന് കീഴിൽ വ്യത്യസ്ത രാജ്യങ്ങളെ ഒരുമിച്ച് ഗ്രൂപ്പ് ചെയ്യാൻ പ്രവണത കാണിച്ചിരുന്നുവെന്നും ഇത് വിപരീത ഫലമുണ്ടാക്കിയതായും വാഡെഫുൾ പറഞ്ഞു. റഷ്യയോ ചൈനയോ ഉൾപ്പെടുന്ന ബഹുമുഖ പ്ലാറ്റ്‌ഫോമുകളിലെ പങ്കാളിത്തത്തിന്റെ പേരിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളുമായുള്ള സഹകരണത്തെ അവഗണിക്കരുതെന്ന് യൂറോപ്പ് ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. “ഇന്ത്യ, ബ്രസീൽ പോലുള്ള രാജ്യങ്ങളുമായി ഞങ്ങൾക്ക് പൊതുവായ ധാരാളം കാര്യങ്ങളുണ്ട്. എന്തുകൊണ്ട് പൊതുവായ താൽപര്യങ്ങളിലും പൊതുമൂല്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൂടാ?" അദ്ദേഹം പറഞ്ഞു.
ഇന്ത്യ യൂറോപ്പിന്റെ തന്ത്രപരമായ കണക്കുകൂട്ടലുകളിൽ, പ്രത്യേകിച്ച് ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു പ്രത്യേക സ്ഥാനം അലങ്കരിക്കുന്നുണ്ടെന്നും വാഡെഫുൾ പറഞ്ഞു. "ഇന്ത്യ എവിടെയാണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു, ഉഭയകക്ഷി ബന്ധങ്ങളിലെ പരസ്പര വിശ്വാസത്തിനും പ്രവചനക്ഷമതയ്ക്കും ഊന്നൽ നൽകി വാഡെഫുൾ പറഞ്ഞു. യൂറോപ്പിന്റെ പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനും മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ പ്രതിരോധശേഷി കെട്ടിപ്പടുക്കാനുമുള്ള വിശാലമായ ശ്രമങ്ങളെക്കുറിച്ച് വാഡെഫുൾ വിശദീകരിച്ചു. ജർമ്മനിയും യൂറോപ്പും വിവിധ മേഖലകളിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു വാഡെഫുള്ളിന്റെ പ്രതികരണം. ജനുവരിയിൽ ഇന്ത്യയും 27 അംഗ യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച.
Content Highlights: German Foreign Minister reveals Europe`s past strategic errors in viewing rising powers solely through BRICS, now prioritizing ties with India and democratic values.