ഇന്ത്യയിയിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് തീരുവ വർധിപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇനി മുതൽ 9.5 ശതമാനം

ബ്രസൽസ്: ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് അധിക തീരുവ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇ.യു). ആന്റി ഡംപിങ് തീരുവ എന്ന പേരിലാണ് യൂറോപ്യൻ യൂണിയൻ തിങ്കളാഴ്ച അധിക തീരുവ പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോൾഡ് റോൾഡ് ഫ്ളാറ്റ് സ്റ്റീൽ ഇറക്കുമതിക്കാണ് മൂന്ന് ശതമാനം മുതൽ 27.9 ശതമാനം വരെ അധിക നികുതി ചുമത്തിയത്. യൂറോപ്യൻ വിപണിയിൽ ഈ രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 9.5 ശതമാനം തീരുവയാണ് ഇ.യു ഏർപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിൽനിന്നുള്ള ഇറക്കുമതിക്കാണ് ഏറ്റവും ഉയർന്ന നികുതി. 27.9 ശതമാനമാണ് ജപ്പാനുമേൽ ചുമത്തിയിരിക്കുന്നത്. തായ്വാനിൽനിന്നുള്ള ഇറക്കുമതിക്ക് 20.7 മുതൽ 27 ശതമാനം വരെയും തുർക്കിയിൽനിന്നുള്ള ഇറക്കുമതിക്ക് മൂന്ന് മുതൽ 7.8 ശതമാനം വരെയും നികുതി ചുമത്തിയിട്ടുണ്ട്. വിയറ്റ്നാമിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 16 ശതമാനമാണ് തീരുവ.
അഞ്ച് രാജ്യങ്ങളിലെ സ്റ്റീൽ ഇറക്കുമതിയെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് യൂറോപ്യൻ കമ്മിഷൻ അറിയിച്ചു. അന്വേഷണത്തിന് വിധേയമായ ചില രാജ്യങ്ങളിൽ 'പ്രത്യേക വിപണി സാഹചര്യം' നിലനിൽക്കുന്നതായി കണ്ടെത്തിയ ആദ്യ സംഭവമാണിതെന്ന് കമ്മിഷൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ വ്യാപാര സംരക്ഷണ നടപടികളിൽ ഈ കണ്ടെത്തലുകൾക്ക് കൂടുതൽ സ്വാധീനമുണ്ടാകുമെന്നും കമ്മിഷൻ വിലയിരുത്തി.
ഇന്ത്യയിലും തായ്വാനിലും പ്രത്യേക വിപണി സാഹചര്യം നിലനിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ആഭ്യന്തര വിപണിയിലെ സാഹചര്യങ്ങൾ സ്റ്റീൽ ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കുന്നുണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. ഇന്ത്യയുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ആഭ്യന്തര ഇരുമ്പയിരിന്റെ വിലയെ ബാധിച്ചതായി കണ്ടെത്തി. കോൾഡ് റോൾഡ് ഫ്ളാറ്റ് സ്റ്റീൽ നിർമാണത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവാണ് ഇരുമ്പയിര്.
തായ്വാന്റെ കാര്യത്തിൽ ചൈനയിൽനിന്നുള്ള അധിക ഉത്പ്പാദനമാണ് യൂറോപ്യൻ കമ്മിഷൻ ചൂണ്ടിക്കാട്ടിയത്. ചൈനയിൽനിന്ന് കൂടുതൽ കോൾഡ് റോൾഡ് ഫ്ളാറ്റ് സ്റ്റീൽ ഇറക്കുമതി ചെയ്തതോടെ തായ്വാനിലെ ആഭ്യന്തര വിപണിയിൽ വില കുറഞ്ഞു. ഇത് അവിടത്തെ സ്റ്റീൽ നിർമാതാക്കളുടെ ലാഭത്തെയും ബാധിച്ചു. ഇത്തരം സാഹചര്യങ്ങൾ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിലയും കയറ്റുമതി വിലയും തമ്മിൽ ശരിയായ താരതമ്യം നടത്തുന്നതിന് തടസ്സമാകുന്നുവെന്നാണ് കമ്മിഷന്റെ വിശദീകരണം.
യൂറോപ്യൻ യൂണിയന്റെ ആന്റി ഡംപിങ് ചട്ടങ്ങൾ പ്രകാരം ഇത്തരം സാഹചര്യങ്ങളിൽ ഒരു ഉത്പ്പന്നത്തിന്റെ സാധാരണ വില കണക്കാക്കാൻ കമ്മിഷന് പ്രത്യേക രീതികൾ സ്വീകരിക്കാം. ആഭ്യന്തര വിപണിയിലെ വിൽപ്പനവിലയെ മാത്രം ആശ്രയിക്കാതെ മറ്റൊരു രീതിയിൽ സാധാരണ വില നിശ്ചയിക്കാനാണ് ഇതിലൂടെ കഴിയുന്നത്. ഈ നടപടികളിലൂടെ യൂറോപ്യൻ വിപണിയിൽ നടന്ന വിലകുറച്ചുള്ള വിൽപ്പനയുടെ യഥാർഥ വ്യാപ്തി കണ്ടെത്താനായെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചെന്നും കമ്മിഷൻ അറിയിച്ചു.
യൂറോപ്യൻ യൂണിയനിൽ കോൾഡ് റോൾഡ് ഫ്ളാറ്റ് സ്റ്റീലിന് വലിയ വിപണിയുണ്ട്. വിവിധ വ്യവസായ മേഖലകളിൽ ഈ സ്റ്റീൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഏകദേശം 2320 കോടി യൂറോയാണ് ഈ വിപണിയുടെ മൂല്യം. യൂറോപ്യൻ യൂണിയനിലെ 12 അംഗരാജ്യങ്ങളിലായി ഈ ഉത്പ്പന്നങ്ങളുടെ ആഭ്യന്തര ഉത്പ്പാദനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 8,600-ലധികം പേർ ജോലി ചെയ്യുന്നുമുണ്ട്.
അഞ്ച് രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിയുടെ ആകെ മൂല്യം 107.2 കോടി യൂറോയാണെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസ്താവനയിൽ പറയുന്നു. ഇതിൽ 34.5 കോടി യൂറോയുടെ ഇറക്കുമതിയുമായി തായ്വാനാണ് മുന്നിൽ. ഇന്ത്യയിൽനിന്ന് 28.2 കോടി യൂറോയുടെയും തുർക്കിയിൽനിന്ന് 24 കോടി യൂറോയുടെയും സ്റ്റീൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. ജപ്പാനിൽനിന്നുള്ള ഇറക്കുമതിയുടെ മൂല്യം 18 കോടി യൂറോയും വിയറ്റ്നാമിൽനിന്നുള്ള ഇറക്കുമതിയുടെ മൂല്യം 12.5 കോടി യൂറോയുമാണ്.
വില കുറച്ച് ഉത്പ്പന്നങ്ങൾ വിൽക്കുന്നതിലൂടെ യൂറോപ്യൻ യൂണിയനിലെ ആഭ്യന്തര സ്റ്റീൽ വ്യവസായത്തിന് ഉണ്ടാകുന്ന തിരിച്ചടി തടയുകയാണ് പുതിയ തീരുവയുടെ ലക്ഷ്യമെന്ന് കമ്മിഷൻ പറയുന്നു. വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രീതികളിൽനിന്ന് ആഭ്യന്തര ഉത്പ്പാദകരെ സംരക്ഷിക്കാനാണ് നടപടിയെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
Content Highlights: The European Union imposed a 9.5% anti-dumping duty on cold-rolled flat steel imports from India, alongside tariffs on Japan, Taiwan, Turkey, and Vietnam, to protect domestic steel producers.