കഴിഞ്ഞ ആഴ്ച എന്ത് ജോലി ചെയ്തു; ഫെഡറല്‍ ജീവനക്കാര്‍ക്ക് മസ്‌കിന്റെ ഇ-മെയിൽ, മറുപടിയില്ലെങ്കിൽ പുറത്ത്

എലോൺ മസ്ക്| ഫോട്ടോ: AP/ Jose Luis Magana
എലോൺ മസ്ക്| ഫോട്ടോ: AP/ Jose Luis Magana

വാഷിങ്ടണ്‍: കഴിഞ്ഞ ഒരാഴ്ച എന്ത് ജോലിയാണ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ ഫെഡറല്‍ ജീവനക്കാരോട് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) തലവന്‍ ഇലോണ്‍ മസ്‌ക്. മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ രാജി വെച്ചതായി കണക്കാക്കുമെന്നും ശനിയാഴ്ച ജീവനക്കാര്‍ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

ഓഫീസിലേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്ത ഫെഡറല്‍ ജീവനക്കാര്‍ക്ക് രാജിവയ്ക്കാന്‍ അവസരം നല്‍കി ട്രംപിന്റെ നീക്കം വന്ന് ഒരാഴ്ചക്കിപ്പുറമാണ് മസ്‌കിന്റെ വകുപ്പില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. 23 ലക്ഷം ഫെഡറല്‍ ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

എന്നാല്‍ ഇ-മെയിലിന് ഉടന്‍ മറുപടി നല്‍കണ്ടന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഉള്‍പ്പടെയുള്ളദേശിയ സുരക്ഷ ഏജന്‍സികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശം. ഉന്നതതല വിഭാഗങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇവര്‍ അറിയിച്ചു.

'കഴിഞ്ഞ ആഴ്ചയില്‍ എന്ത് ജോലി ചെയ്തു എന്ന് വ്യക്തമാക്കുന്ന അഞ്ച് പോയിന്റുകള്‍ മറുപടിയായി അയക്കുക. ലിങ്കുകളോ മറ്റ് അറ്റാച്ച്മെന്റുകളോ ഇ-മെയിലിനൊപ്പം പങ്കുവെക്കേണ്ടതില്ല' ഇമെയിലില്‍ പറയുന്നതായി സി.എന്‍.എന്‍. ഉള്‍പ്പടെയുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് മറുപടി അയക്കാനുള്ള അവസാന തീയതി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം ഫെഡറല്‍ ജീവനക്കാര്‍ക്ക് അവരുടെ തൊളിലിടങ്ങളില്‍ കഴിഞ്ഞ ആഴ്ച എന്ത് ചെയ്തു എന്ന ചോദ്യവുമായി ഉടന്‍ തന്നെ ഇമെയില്‍ ലഭിക്കുമെന്ന് മസ്‌ക് എക്സിലൂടെ അറിയിച്ചിരുന്നു. 

തൃപ്തികരമായ മറുപടി ഇതിനോടകം തന്നെ ലഭിച്ചുതുടങ്ങിയെന്നും ഇവരെയാണ് സ്ഥാനക്കയറ്റത്തിനായി പരിഗണിക്കേണ്ടതെന്നും മസ്‌ക് വ്യക്തമാക്കുകയുണ്ടായി.

യു.എസ്. സര്‍ക്കാരിന്റെ ചെലവുചുരുക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി രൂപവത്കരിച്ച വിഭാഗമാണ് ഡോജ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവര്‍ണ്‍മെന്റ് എഫിഷ്യന്‍സി). 

ഡോജിന്റെ ചുമതലയുള്ള മസ്‌കിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ച ട്രംപ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ച മണിക്കൂറുകള്‍ക്കു ശേഷമാണ് ജീവനക്കാര്‍ ഇമെയില്‍ സന്ദേശം ലഭിച്ചത്.

അതേസമയം നിയമ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവനക്കാര്‍ക്കു നേരെയുള്ള നടപടികളെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Elon Musk demands US federal employees detail their last week`s work or face termination