ഇറാനുള്ള ചൈനയുടെ ഏത് തരത്തിലുള്ള സഹായവും അംഗീകരിക്കാനാവില്ല- ട്രംപ്

വാഷിങ്ടൺ: ഇറാനുള്ള ചൈനയുടെ ഏത് തരത്തിലുള്ള സഹായവും അംഗീകരിക്കാനാവില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതായി ചൈനയിലെ യു.എസ്. അംബാസഡർ ഡേവിഡ് പെർഡ്യൂ പറഞ്ഞു. നേരിട്ടോ പരോക്ഷമായോ ഉള്ള സഹായങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറൽ, സൈനിക ഉപകരണങ്ങളോ ഭാഗങ്ങളോ എത്തിച്ചുനൽകൽ എന്നിവ പൂർണമായും അസ്വീകാര്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ യുഎസ് സന്ദർശനത്തിനിടയിൽ ട്രംപ് വ്യക്തമാക്കിയതായി പെർഡ്യൂ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വളരെ തുറന്നതും ആത്മാർഥവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്ന് പെർഡ്യൂ പറഞ്ഞു. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇരു നേതാക്കളും തമ്മിൽ പരസ്പര വിശ്വാസവും അടുപ്പവും വളർന്നുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയെ "വളരെ ഫലപ്രദം" എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യു.എസ്. ഭരണഘടന, സ്വാതന്ത്ര്യപ്രഖ്യാപന രേഖ, അവകാശപ്പത്രിക എന്നിവ സൂക്ഷിച്ചിരിക്കുന്ന നാഷണൽ ആർക്കൈവ്സിലേക്ക് ട്രംപ് ഷി ജിൻപിങിനെ കൂട്ടിക്കൊണ്ടുപോയി. രാജ്യത്തിന്റെ ചരിത്രപരമായ അപൂർവ ശേഖരങ്ങൾ ചൈനീസ് പ്രസിഡന്റിന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വ്യാപാര രംഗത്ത് പ്രകടമായ കരാറുകളിൽ എത്തിച്ചേർന്നില്ലെങ്കിലും, ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം കുറയ്ക്കാനും നയതന്ത്ര സംഭാഷണങ്ങൾ മുൻപോട്ടു കൊണ്ടുപോകാനും ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.