‘അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താൽപ്പര്യമുണ്ടോയെന്ന് ഷീയോട് ട്രംപ് ചോദിച്ചു’; വെളിപ്പെടുത്തലുമായി US അംബാസഡർ

#ന്യൂസ് ഡെസ്ക്
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും | Photo: WIN MCNAMEE / GETTY IMAGES NORTH AMERICA / Getty Images via AFP
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും | Photo: WIN MCNAMEE / GETTY IMAGES NORTH AMERICA / Getty Images via AFP

വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനോട് അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താൽപ്പര്യമുണ്ടോ എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിച്ചതായി ചൈനയിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് പെർഡ്യൂ. ഷീയുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനം സംബന്ധിച്ച് ‘ഫോക്സ് ന്യൂസ് സൺഡേ’ പരിപാടിയിൽ സംസാരിക്കവെയാണ് പെർഡ്യൂ ഇക്കാര്യം പറഞ്ഞത്.

തായ് വാനിലേക്കുള്ള ആയുധക്കച്ചവടത്തെ സംബന്ധിച്ച ചർച്ചകൾക്കിടെയിലാണ് ട്രംപ്, ഷീയോട് അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചതെന്ന് ഡേവിഡ് പെർഡ്യൂ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന ആയുധക്കച്ചവടങ്ങളിൽ ഒന്നുമാത്രമാണ് തായ് വാനുമായുള്ള ആയുധ ഇടപെടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ്, ഷീയോട് ഇക്കാര്യം പറഞ്ഞത്.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഞങ്ങൾ ആയുധങ്ങൾ വിൽക്കാറുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് എപ്പോഴും പറയാറുള്ളത്. ഒരു ഘട്ടത്തിൽ അദ്ദേഹം ഷി ജിൻപിങ്ങിനോട് ആയുധങ്ങൾ വാങ്ങാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകപോലുമുണ്ടായി’, പെർഡ്യൂ വ്യക്തമാക്കി. എന്നാൽ, സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാനോ ഷി ജിൻപിങ് നൽകിയ മറുപടി വെളിപ്പെടുത്താനോ അദ്ദേഹം തയ്യാറായില്ല.

ചൈനയ്ക്ക് ആയുധങ്ങൾ വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് തയ്യാറായെന്ന വെളിപ്പെടുത്തൽ അസാധാരണമായ ഒന്നാണ്. അമേരിക്കയുടെ മുഖ്യ ശത്രുവായിട്ടാണ് കമ്മ്യൂണിസ്റ്റ് ചൈനയെ നയതന്ത്രജ്ഞരും നിയമനിർമാതാക്കളും കാണുന്നത്. നിലവിൽ അമേരിക്കയുടെ ആഗോള മേധാവിത്വത്തിന് വെല്ലുവിളി ഉയർത്തുന്ന ഒരേയൊരു ശക്തിയും ചൈനയാണ്.

ഇതുസംബന്ധിച്ച് പ്രതികരണം തേടിയപ്പോൾ, ചൈനയ്ക്ക് ആയുധങ്ങൾ വിൽക്കാൻ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൈനയിലേക്കുള്ള ആയുധക്കച്ചവടം അമേരിക്കൻ നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്നും ചൈനയ്ക്ക് ആയുധങ്ങൾ വിൽക്കാൻ യാതൊരു പദ്ധതിയുമില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. വാഷിങ്ടണിലെ ചൈനീസ് എംബസി ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Content Highlights: US Ambassador David Perdue revealed that Donald Trump once asked Chinese President Xi Jinping if China wanted to buy US weapons while defending arms sales to Taiwan, though the White House later clarified there are no plans to sell arms to China.