‘ഇറാന്റെ മിസൈലുകൾ യൂറോപ്പിന് ഒന്നടങ്കം ഭീഷണി, ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുലർന്നില്ലെങ്കിൽ അത് ഒരു ആണവ ദുരന്തത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ മിസൈൽ ശേഷി മേഖലയ്ക്ക് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നും അത് അമേരിക്കയിലേക്ക് എത്തില്ലെങ്കിലും യൂറോപ്പിന് ഭീഷണിയാകാൻ ശേഷിയുള്ളതാണെന്നും ട്രംപ് പറഞ്ഞതായി നൽകിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. സൈനികരുമായി നടത്തിയ യോഗത്തിനിടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാന്റെ ഭരണനേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച ട്രംപ്, അവരെ "ഭ്രാന്തന്മാർ" എന്ന് വിശേഷിപ്പിച്ചു. ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അമേരിക്ക ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കരസ്ഥമാക്കിയിരുന്നുവെങ്കിൽ അവർ തീർച്ചയായും അമേരിക്കൻ നഗരങ്ങളെ ലക്ഷ്യമിടുമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ യു.എസിന്റെ തന്ത്രപരമായ നിലപാടുകളും കരുത്തുമാണ് ഇത്തരം ഭീഷണികൾ യാഥാർത്ഥ്യമാകുന്നതിൽ നിന്ന് തടഞ്ഞതെന്നും, സ്വയം പ്രതിരോധ ശേഷി കൈവരിക്കുന്നതുവരെ പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങൾക്ക് പിന്തുണ തുടരുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലെ എണ്ണ ആവശ്യമില്ലെന്നും എന്നാൽ മേഖലയിൽ സമാധാനമാണ് ആവശ്യമെന്നും ട്രംപ് വ്യക്തമാക്കി. സമാധാനം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇസ്രയേലിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ ആണവായുധങ്ങൾ പ്രയോഗിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അത് വൻ വിനാശത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിലയ്ക്കുകയും മേഖലയിൽ സംഘർഷം നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രതികരണങ്ങൾ വന്നിട്ടുള്ളത്.