ഹോർമുസിൽ കപ്പൽ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും തകർക്കും- കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യു.എസ്. തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
‘ഹോർമുസ് കടലിടുക്കിൽ മിസൈൽ, റോക്കറ്റ്, ഡ്രോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ, തലസ്ഥാനമായ ടെഹ്റാനിലോ അതിന് സമീപത്തോ ഒരു പാലമോ പവർ പ്ലാന്റോ യു.എസ്. ബോംബിട്ട് തകർക്കും’, ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനെതിരെ തുടർച്ചയായി യു.എസ്. വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആക്രമണം പുനരാരംഭിച്ചതിനുശേഷം കുറഞ്ഞത് 53 പേർ കൊല്ലപ്പെട്ടതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 11 ദിവസത്തിനിടയിൽ അറുന്നൂറോളം പേർക്ക് പരിക്കേറ്റതായി ഇറാൻ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ. അറിയിച്ചു.
അമേരിക്കയുടെ ആക്രമണങ്ങൾക്ക് മറുപടിയായി, യു.എസ്. സൈനിക താവളങ്ങളുള്ള ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ഇറാൻ നിരവധി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അതിനിടെ, ഭൂഗർഭ ആണവ കേന്ദ്രത്തിനുനേരെയും ആക്രമണം നടത്താൻ യു.എസ്. ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.