നമുക്കിതിവിടെ അവസാനിപ്പിക്കാം; മാധ്യമപ്രവർത്തകയോട് തർക്കിച്ച് അഭിമുഖത്തിൽനിന്ന് ഇറങ്ങിപ്പോയി ട്രംപ്

വാഷിങ്‌ടൺ: അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകയോട് തട്ടിക്കയറി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള വിമർശനങ്ങളും 2020-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളും ഉന്നയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. എൻ.ബി.സി ന്യൂസിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിക്കിടെയായിരുന്നു സംഭവം. അവതാരക ക്രിസ്റ്റൻ വെൽക്കറുമായി ഉണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിലാണ് ട്രംപ് അഭിമുഖം പാതിവഴിയിൽ അവസാനിപ്പിച്ചത്. ‘നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. ഞാൻ കേൾക്കേണ്ടത്ര കേട്ടുകഴിഞ്ഞു. നന്ദി ഡാർലിങ്,’ എന്ന് പറഞ്ഞ് ട്രംപ് മൈക്രോഫോൺ ഊരിമാറ്റി അഭിമുഖത്തിൽ നിന്ന് പാതിവഴിയിൽ പിന്മാറുകയായിരുന്നു.
അമേരിക്കയിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെന്ന തന്റെ ആരോപണങ്ങളെ ട്രംപ് അഭിമുഖത്തിൽ ശക്തമായി ന്യായീകരിച്ചു. എന്നാൽ ട്രംപിന്റെ വാദങ്ങൾക്കെതിരേ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ അവതാരക ക്രിസ്റ്റൻ വെൽക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതോടെ ട്രംപ് പ്രകോപിതനാകുകയും അഭിമുഖം കൂടുതൽ പിരിമുറുക്കത്തിലേക്ക് നീങ്ങുകയും ചെയ്തു. ഒടുവിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ശേഷമാണ് ട്രംപ് ഇറങ്ങിപ്പോയത്.
ഇറാൻ യുദ്ധത്തെക്കുറിച്ചും ചർച്ചാ പുരോഗതിയെക്കുറിച്ചുമുള്ള പരാമർശങ്ങളോടെയാണ് അഭിമുഖം ആരംഭിച്ചത്. തുടർന്ന്, മുൻ ഭരണകൂടം അന്യായമായി വേട്ടയാടിയെന്ന് വിശ്വസിക്കുന്ന ആളുകൾക്ക് നഷ്ടപരിഹാരം നൽകാനായി ട്രംപ് മുന്നോട്ടുവെച്ച 1.8 ബില്യൺ ഡോളറിന്റെ 'ആന്റി-വെപ്പണൈസേഷൻ' (ഭരണകൂട ദുരുപയോഗ വിരുദ്ധ) പദ്ധതിയെക്കുറിച്ച് വെൽക്കർ ചോദ്യം ഉന്നയിച്ചു. ഈ വിഷയത്തിൽ സംസാരിക്കുന്നതിനിടയിലാണ് മുൻ പ്രസിഡന്റ് ജോ ബൈഡനും മാധ്യമങ്ങൾക്കുമെതിരെ ട്രംപ് ആഞ്ഞടിച്ചത്.
എന്നാൽ, ട്രംപിന്റെ ആരോപണങ്ങൾക്ക് തെളിവുകളുമില്ലെന്ന് വെൽക്കർ ചൂണ്ടിക്കാണിച്ചതോടെ അദ്ദേഹം കൂടുതൽ പ്രകോപിതനായി. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഇപ്പോൾ കാലിഫോർണിയയിലും ഇതേ അഴിമതിയാണ് നടക്കുന്നതെന്നും ട്രംപ് വാദിച്ചു. ഇക്കാര്യത്തിൽ വെൽക്കർ വിശദീകരണം നൽകാൻ ശ്രമിച്ചെങ്കിലും ട്രംപ് അത് അംഗീകരിച്ചില്ല. വെൽക്കർ നൽകിയ വിശദീകരണം തള്ളിക്കളഞ്ഞ ട്രംപ്, തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ചു. ഇതിന് എന്തെങ്കിലും തെളിവുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
അഭിമുഖം മുന്നോട്ടുപോയെങ്കിലും ആരോപണങ്ങൾക്ക് പിന്നിലെ തെളിവുകളെച്ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കം തുടർന്നു. പിന്നാലെ ട്രംപ് മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞു. വെൽക്കറെയും 'മീറ്റ് ദ പ്രസ്' പരിപാടിയെയും അഴിമതി നിറഞ്ഞതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പിന്നാലെ താൻ അഭിമുഖം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് അദ്ദേഹം എഴുന്നേറ്റു. ഈ അഭിമുഖത്തിനായി താൻ വിസ്കോൺസിൻ വരെ യാത്ര ചെയ്താണ് വന്നതെന്നും അതിനാൽ അഭിമുഖം പൂർത്തിയാക്കണമെന്നും വെൽക്കർ അഭ്യർത്ഥിച്ചെങ്കിലും ട്രംപ് വഴങ്ങിയില്ല.
Content Highlights: US President Donald Trump abruptly walked out of an NBC News 'Meet the Press' interview with host Kristen Welker following a heated argument over his unproven 2020 election fraud allegations.