പുതിയ എയർഫോഴ്സ് വൺ പുറത്തിറക്കി ട്രംപ്; വിമാനത്തിന് യു.എസ്. പതാകയുടെ നിറം

എയർഫോഴ്‌സ് വൺ പ്രസിഡൻഷ്യൽ വിമാനം സന്ദർശിച്ച ശേഷം പുറത്തിറങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് | Photo: AP
എയർഫോഴ്‌സ് വൺ പ്രസിഡൻഷ്യൽ വിമാനം സന്ദർശിച്ച ശേഷം പുറത്തിറങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: ഖത്തറിൽനിന്ന് സമ്മാനമായി ലഭിച്ച പുതിയ എയർഫോഴ്സ് വൺ വിമാനം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പുറത്തിറക്കി. ജോയിന്റ് ബേസ് ആൻഡ്രൂസിൽനടന്ന ചടങ്ങിലാണ് ലോകത്തെ ഏറ്റവും ആഡംബരമേറിയ പുതിയ പ്രസിഡൻഷ്യൽ വിമാനം അദ്ദേഹം പുറത്തിറക്കിയത്. അടുത്തമാസംമുതൽ പ്രസിഡന്റിന്റെ യാത്രയ്ക്ക് കൂട്ടാകേണ്ട വിമാനം ഇനിമുതൽ പരീക്ഷണപ്പറക്കലുകളാരംഭിക്കും. 400 കോടി ഡോളർ ചെലവിൽനടന്ന നവീകരണത്തിനുശേഷമാണ് ബോയിങ് 747 8ഐ പറക്കലിനൊരുങ്ങുന്നത്.

ട്രംപിന്റെ ഇഷ്ടപ്രകാരമാണ് വിമാനത്തിന്റെ അലങ്കാരങ്ങളെല്ലാം. സാം 2900 എന്നറിയപ്പെട്ടിരുന്ന പഴയ എയർഫോഴ്സ് വണിന്റെ ഇളം നീലനിറത്തിനുപകരം അമേരിക്കൻ പതാകയുടെ നിറങ്ങളായ ചുവപ്പ്, നീല, വെള്ള എന്നിവയാണ് പുതിയ വിമാനത്തിനു നൽകിയിരിക്കുന്നത്. വിമാനത്തിന്റെ വാൽഭാഗത്തായി അമേരിക്കൻ പതാകയും ആലേഖനം ചെയ്തിട്ടുണ്ട്. അമേരിക്കൻ പതാകയുടെ നിറം തനിക്കിഷ്ടമായതിനാലാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു. പഴയ വിമാനത്തെക്കാൾ ഇരട്ടിയോളം വലുപ്പമുണ്ട് ഖത്തറിന്റെ സ്നേഹസമ്മാനത്തിന്. വിസി-25ബി എന്നാണിതിന്റെ പേര്.

പഴയ എയർഫോഴ്സ് വൺ വിമാനം മാറ്റാനുള്ള നടപടികളുടെ കാലതാമസവും യു.എസിന്റെ വിമാനങ്ങളും മറ്റ് വിദേശസർക്കാരുകൾ ഉപയോഗിക്കുന്ന പുതിയ വിമാനങ്ങളും തമ്മിലുള്ള താരതമ്യത്തിലും അതൃപ്തിതോന്നിയതിനാലാണ് താൻ ഖത്തർ അമീറിനോട് ഈ വിമാനം ആവശ്യപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. രാജ്യം അർഹമായ രീതിയിൽ പ്രതിനിധാനം ചെയ്യപ്പെടുമെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കൂട്ടിച്ചേർത്തു.

ബോയിങ്ങിൽനിന്ന് നേരിട്ട് ഓർഡർചെയ്ത പുതിയ വിമാനങ്ങൾ എത്തുന്നതുവരെയാകും ഈ വിമാനം ഉപയോഗിക്കുക. 2028-ലാകും ഇതുണ്ടാകുകയെന്ന് കരുതുന്നു. യു.എസിന്റെ 250-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ജൂലായ് നാലിന് നാഷണൽ മാളിൽ നടക്കുന്ന ആഘോഷങ്ങളിൽ പുതിയ എയർഫോഴ്സ് വൺ പങ്കെടുക്കും. അടുത്തമാസം തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിലേക്ക് ട്രംപ് ഈ വിമാനത്തിലാകും പോകുക.

വ്യാഴാഴ്ച ഫ്രാൻസിൽനടന്ന ജി-7 ഉച്ചകോടിക്കുശേഷം ട്രംപ് മടങ്ങിയെത്തിയതായിരുന്നു പഴയ എയർഫോഴ്സ് വണ്ണിലെ അവസാനത്തെ ഔദ്യോഗിക യാത്ര.

Content Highlights: Donald Trump unveils the new VC-25B Air Force One in 2026, featuring US flag colors and luxury upgrades.