ഇറാനെ പേടിച്ച് ട്രംപ് വിമാനം മാറ്റിയ സംഭവം; ഭീഷണി അറിയിച്ചത് ഇസ്രയേൽ, വിശ്വാസത്തിലെടുക്കാതെ CIA

വാഷിങ്ടൺ: കഴിഞ്ഞമാസം നാറ്റോ ഉച്ചകോടി കഴിഞ്ഞ് തുർക്കിയിൽനിന്ന് മടങ്ങവേ ഇറാന്റെ ഭാഗത്തുനിന്നുള്ള വധഭീഷണിയുടെപേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രഹസ്യമായി മറ്റൊരു വിമാനത്തിലാണ് സഞ്ചരിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഇസ്രയേൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ട്രംപിന്റെ സുരക്ഷയ്ക്കായി നീക്കങ്ങൾ നടത്തിയതെന്നാണ് വിവരം.
തുർക്കിയിൽ നിന്ന് മടങ്ങുന്നതിനിടെ ട്രംപിനെ ലക്ഷ്യമിട്ട് ഇറാന്റെ വധശ്രമത്തിന് സാധ്യതയുണ്ടെന്ന് ഇസ്രയേലി ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയെങ്കിലും യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ഇത് വിശ്വാസത്തിലെടുക്കാൻ തയ്യാറായില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ രഹസ്യാന്വേഷണ വിവരങ്ങളിൽ സിഐഎയുടെ വിശകലന വിദഗ്ധർ ട്രംപ് ഭരണകൂടത്തോട് സംശയം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സിഐഎ സംശയം പ്രകടിപ്പിച്ചെങ്കിലും, മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് സീക്രട്ട് സർവീസ് റിസ്കുകൾ എടുക്കാൻ തയ്യാറായില്ല. മുമ്പ് മൂന്ന് തവണ ട്രംപിന് നേരെ വധശ്രമം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇസ്രയേൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റിന് മറ്റൊരു വിവമാനം ഏർപ്പാടാക്കി സുരക്ഷ നൽകാൻ തീരുമാനിച്ചത്- യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.
ഇറാനിൽനിന്നുള്ള ഭീഷണി ചൂണ്ടിക്കാട്ടുന്നതിലൂടെ ട്രംപിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻകൂടി ഇസ്രയേൽ ലക്ഷ്യമിട്ടിരിക്കാമെന്നും സിഐഎ സംശയിക്കുന്നു.
'ഞാൻ സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും നിർദേശങ്ങൾ അനുസരിച്ചാണ് പോകുന്നത്. എയർഫോഴ്സ് വണ്ണിൽനിന്ന് ഇറങ്ങി മറ്റൊരുവിമാനത്തിൽക്കയറാൻ ആവശ്യപ്പെട്ടു. അവരു പറയുന്നത് കേൾക്കുകയല്ലാതെ എനിക്ക് മറ്റു തരമില്ല' - വിമാനം മാറിയതിനെ കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗികവിമാനമായ പഴയ എയർഫോഴ്സ് വണ്ണിലാണ് ട്രംപ് സഞ്ചരിക്കുന്നതെന്ന പ്രതീതിയുണ്ടാക്കി തുർക്കിയിൽനിന്ന് അതിരഹസ്യമായി സി-32എ സേനാവിമാനത്തിൽ ബ്രിട്ടനിലെത്തിക്കുകയായിരുന്നു.
അങ്കാറ വിമാനത്താവളത്തിൽവെച്ച് ക്യാമറകൾക്കുമുന്നിൽ കൈവീശിക്കാണിച്ച് പഴയ എയർഫോഴ്സ് വണ്ണിൽ കയറിയ ട്രംപിനെ വിമാനവാതിലിന്റെ അതേ പൊക്കത്തിൽ കൊണ്ടുനിർത്തിയ കാറ്ററിങ് ട്രക്കിൽ ഒളിപ്പിച്ചാണ് ചെറുവിമാനത്തിലേക്ക് മാറ്റിയത്. ഇതേക്കുറിച്ച് എയർഫോഴ്സ് വണ്ണിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കും മറ്റ് വൈറ്റ്ഹൗസ് ജീവനക്കാർക്കും അറിവുണ്ടായിരുന്നില്ല.
ദൗത്യം നടക്കുമ്പോൾ ഇവരോട് വിൻഡോ ഷേഡ് താഴ്ത്തിയിടാൻ നിർദേശിച്ചിരുന്നതിനാൽ പുറത്തുനടന്നത് കാണാനായില്ല. ബ്രിട്ടനിൽ ആദ്യമെത്തിയത് ചെറുവിമാനമാണ്. അവിടെയും സമാനനാടകത്തിലൂടെ ട്രംപ് പുറത്തിറങ്ങിയത് എയർഫോഴ്സ് വണ്ണിൽനിന്നാണ്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് ട്രംപിന്റെ സുരക്ഷാ നീക്കത്തെക്കുറിച്ച് മുൻകൂട്ടി വിവരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം എയർഫോഴ്സ് വൺ വിമാനത്തിൽ തന്നെയാണ് യാത്ര ചെയ്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Content Highlights: US President Donald Trump used a secret flight to leave Turkey due to an Iranian assassination threat., Israeli intelligence provided the warning, which CIA analysts initially doubted., The US Secret Service took precautionary measures given past assassination attempts on Trump., Trump was covertly smuggled from Air Force One into a smaller C-32A military aircraft.