എഐയെ കുറിച്ചുള്ള ആശങ്കൾ വെറും തട്ടിപ്പെന്ന് ട്രംപ്; ‘കാലാവസ്ഥാ വ്യതിയാനം പറഞ്ഞ് ഭയപ്പെടുത്തിയവരാണ് ഇതിന് പിന്നിലും’

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അത്യാധുനിക മോഡലുകളിൽ നിയന്ത്രണം വേണമെന്ന ആവശ്യങ്ങളെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത്തരമൊരു ആശങ്ക ഉയർത്തുന്നതിന് പിന്നിൽ തട്ടിപ്പാണെന്നും ട്രംപ് പറഞ്ഞു. തീവ്ര-ഇടതുപക്ഷ 'ഡെമോക്രാറ്റുകൾ' ആണ് ഇതിന് പിന്നിലെന്നും അമിതമായ ചൂട് കാരണം എല്ലാവരും മരിക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ട് അവർ കുറച്ചുകാലം മുമ്പ് നടത്തിയ 'ആഗോളതാപന’ തട്ടിപ്പിനെ ഇത് ഓർമിപ്പിക്കുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ആരോപിച്ചു.
ചൈനയെ മറികടക്കുന്നതിനും എഐ അധിഷ്ഠിത സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനേക്കാൾ മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ AI കമ്പനികളിലെ നിരവധി ഉദ്യോഗസ്ഥരും ജീവനക്കാരും സമീപ ദിവസങ്ങളിൽ ഈ സാങ്കേതികവിദ്യ മനുഷ്യരാശിക്ക് ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
എഐക്കും ഡാറ്റാ സെന്ററുകൾക്കുമെതിരെ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച ട്രംപ് അതിൽ സന്തോഷിക്കുന്നത് ചൈന മാത്രമാണെന്നും പറഞ്ഞു. ആരാണോ എഐയിൽ വിജയിക്കുന്നത് അവരാണ് വിജയികളെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'എഐ ലോകത്തെ നശിപ്പിക്കുമെന്നും ഡാറ്റാ സെന്ററുകൾ നിങ്ങളുടെ പ്രദേശത്തിന് ദോഷകരമാണെന്നും പറയുന്നവർ തന്നെയാണ്, കുറച്ചുമുമ്പ് ലോകം 'കാലാവസ്ഥാ വ്യതിയാനം' മൂലം നശിച്ചുപോകുമെന്ന് പറഞ്ഞത്. ആ തട്ടിപ്പിൽ അവർ വിജയിച്ചില്ല, ഇപ്പോൾ അവർ അടുത്തതിലേക്ക് തിരിഞ്ഞിരിക്കുന്നു. എല്ലാ തട്ടിപ്പുകളും പൊളിക്കുന്നയാളാണ് ഞാൻ' ട്രംപ് കുറിച്ചു. നിർമിത ബുദ്ധിക്ക് ആവശ്യമായ ഏക 'നിയന്ത്രണ സംവിധാനം' ഒരു 'ശക്തനും സമർത്ഥനുമായ' പ്രസിഡന്റ് മാത്രമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
എ.ഐ. വികസനം നിയന്ത്രിക്കണമെന്ന ആന്ത്രോപിക് സി.ഇ.ഒ. ഡാരിയോ അമോഡെയടക്കമുള്ളവരുടെ ആഹ്വാനം കഴിഞ്ഞ ദിവസം ചൈനയും തള്ളിയിരുന്നു. പേടിപ്പെടുത്തലും ഏറ്റുമുട്ടലും കിടമത്സരവും ആഗോള എ.ഐ. വ്യവസായത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പ്രതികരിച്ചു.
ആഗോളതലത്തിൽ എ.ഐ. വികസനത്തിന്റെ വേഗം മന്ദഗതിയിലാക്കണമെന്നാവശ്യപ്പെട്ട അമോഡെ, ചൈന എ.ഐ. രംഗത്ത് മുന്നിലെത്തുന്നത് അമേരിക്കയ്ക്കും ലോകത്തിനും വലിയ അപകടമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അത്യാധുനിക എ.ഐ. ചിപ്പുകളും ചിപ്പ് നിർമാണ ഘടകങ്ങളും ചൈനയിലേക്ക് കയറ്റുമതിചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത 6-12 മാസത്തിനുള്ളിൽ എ.ഐ. ഏജന്റുകളുടെ കൂട്ടത്തിന് ഇന്റർനെറ്റിന്റെ സമ്പൂർണനിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമുണ്ടായേക്കാമെന്നും അതിനാൽ രാജ്യങ്ങൾ ചേർന്ന് എ.ഐ. വികസനത്തിന് സുരക്ഷിതമായ വേഗപരിധി നിശ്ചയിക്കണമെന്നുമായിരുന്നു അമോഡെയുടെ മുന്നറിയിപ്പ്.
സെപ്റ്റംബർ 24-ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എ.ഐ. ഭരണവും സാങ്കേതികനിയന്ത്രണങ്ങളും ചർച്ചയാകുമെന്നാണ് പ്രതീക്ഷ. എ.ഐ. ഗവേഷകനായ ജേക്കബ് കോക്‌സൺ ഈയിടെ ആന്ത്രോപിക്കിൽനിന്ന് രാജിവെച്ചതോടെയാണ് ചർച്ചയ്ക്ക് ചൂടുപിടിച്ചത്. പിന്നാലെയാണ് എ.ഐ.യുടെ അപകടസാധ്യത കണക്കിലെടുത്ത് വികസനവേഗം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അമോഡെ രംഗത്തെത്തിയത്.
Content Highlights: US President Donald Trump rejects calls for strict AI regulations, calling safety concerns a hoax., Trump compares current AI fears to past global warming propaganda by Democrats., Prioritizing US economic gains and beating China in AI takes precedence over existential fears., Upcoming September 24 meeting between Donald Trump and Xi Jinping is expected to feature AI governance discussions.