യുദ്ധത്തിൽ സഹായിച്ചില്ല, ‘കടലാസുപുലി’; നാറ്റോ വിടുന്ന കാര്യം പരിഗണിക്കുന്നുവെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: ഇറാൻയുദ്ധത്തിൽ യു.എസിനെ സഹായിക്കാത്തതിന്റെ പേരിൽ കടുത്ത ഭിന്നത നിലനിൽക്കേ, സൈനികസഖ്യമായ നാറ്റോ വിടുന്ന കാര്യം താൻ കാര്യമായി പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് ദിനപത്രമായ ‘ദ ടെലിഗ്രാഫി’നു നൽകിയ അഭിമുഖത്തിലാണ് പരാമർശം. പശ്ചിമേഷ്യയിലെ യുദ്ധം പൂർത്തിയാക്കിയശേഷം നാറ്റോ വിട്ടേക്കുമെന്ന സൂചനയാണ് നൽകിയത്. നാറ്റോയെ ‘കടലാസുപുലി’യെന്നാണ് ട്രംപ് വിളിച്ചത്. ബ്രിട്ടീഷ് നാവികസേന പഴഞ്ചനാണെന്നും അവർക്ക് പ്രവർത്തിക്കാത്ത വിമാനവാഹിനികളാണുള്ളതെന്നും പരിഹസിച്ചു. 

യുദ്ധം പൂർത്തിയാക്കിയശേഷം നാറ്റോയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയും ‘ഫോക്സ് ന്യൂസി’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അക്കാര്യത്തിൽ അന്തിമതീരുമാനം പ്രസിഡന്റ് ട്രംപിന്റേതായിരിക്കുമെന്നും വ്യക്തമാക്കി.

“ഞാൻ യു.എസ്. സെനറ്റിലുണ്ടായിരുന്ന കാലത്ത് നാറ്റോയ്ക്ക് വലിയ മൂല്യം കല്പിക്കുകയും അവർക്കുവേണ്ടി വാദിക്കുകയും ചെയ്തിരുന്നു. ഇറാനെ ആക്രമിച്ച് യുദ്ധത്തിന്റെ ഭാഗമാകാൻ നാറ്റോ സഖ്യകക്ഷികളോട് യു.എസ്. പറഞ്ഞിട്ടില്ല. അവരുടെ താവളങ്ങൾ വിട്ടുതരണമെന്നുമാത്രമാണു പറഞ്ഞത്. അതിനുള്ള ഉത്തരം പറ്റില്ലെന്നാണെങ്കിൽ പിന്നെ എന്തിന് നാറ്റോയിൽ തുടരണം” -റൂബിയോ ചോദിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽഗതാഗതം ഉറപ്പാക്കുന്നതിനായി നാവിക അകമ്പടി നൽകാൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നിരന്തരം ചോദിച്ചിട്ടും ഇറാനുനേരേയുള്ള യുദ്ധത്തിൽ വേണ്ടത്ര സഹായം അവരിൽനിന്ന് കിട്ടാത്തിൽ ട്രംപ് വലിയ നീരസത്തിലാണ്.

Content Highlights: President Trump labels NATO a 'paper tiger' due to lack of cooperation., Tensions rise over NATO's refusal to assist in Iran-related naval operations., Secretary of State Marco Rubio confirms a potential review of the U.S.-NATO alliance., The U.S. demands support for secure shipping in the Strait of Hormuz.