ഖത്തറിൽ ഇസ്രയേലിന്റെ ആക്രമണം: ട്രംപിന് കടുത്ത അതൃപ്തി; എവിടെപ്പോയാലും ഹമാസിനെ വിടില്ലെന്ന് ഇസ്രയേൽ

വാഷിങ്ടണ്‍: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അസന്തുഷ്ടനെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും അദ്ദേഹം തന്റെ അതൃപ്തി പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യം തന്നെ പുളകം കൊള്ളിക്കുന്നില്ലെന്നാണ് ട്രംപ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. ''ഇത് നല്ല ഒരു സാഹചര്യമല്ല. പക്ഷേ, ബന്ദികളെ തിരികെ കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ഞാന്‍ പറയും. പക്ഷേ, ഇന്ന് സംഭവിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമില്ല'', ട്രംപ് പറഞ്ഞു.
നേരത്തേ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലും ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. കഴിഞ്ഞദിവസത്തെ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണെന്നും തന്റെ തീരുമാനമല്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം അറിയിച്ചപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നെന്നും അമേരിക്കയുടെ ശക്തമായ സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ഏകപക്ഷീയമായ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ അമേരിക്കയുടേയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരമൊരു ആക്രമണം ഇനിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാനായി ഖത്തര്‍ പ്രധാനമന്ത്രിയുമായും അമീറുമായും ഫോണില്‍ സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ, യുഎസ് സഖ്യകക്ഷിയായ ഖത്തറിന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിച്ഛായയെ വളരെ മോശമായി ബാധിച്ചേക്കാമെന്നാണ് യുഎസ് മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍. യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത് ഖത്തറിലാണ്. മാത്രമല്ല, വൈറ്റ് ഹൗസിന്റെ നിര്‍ദേശപ്രകാരം ഹമാസുമായി ചര്‍ച്ച നടത്തുന്നതും ഖത്തറാണ്. ഈ സാഹചര്യത്തില്‍ യുഎസിന്റെ സുപ്രധാന സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് ട്രംപിനും ക്ഷീണമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രയേല്‍ ആക്രമണം മേഖലയില്‍ യുഎസ് വാഗ്ദാനംചെയ്യുന്ന സുരക്ഷയെ ചോദ്യംചെയ്യുന്നതാണെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, എവിടെയാണെങ്കിലും ഹമാസ് നേതാക്കള്‍ രക്ഷപ്പെടില്ലെന്ന് ഇസ്രയേലിന്റെ യുഎസ് അംബാസഡര്‍ യെച്ചിയേല്‍ ലെയ്തര്‍ പ്രതികരിച്ചു. എവിടെ ആയാലും ഹമാസിനെ ലക്ഷ്യമിടുന്നത് ഇസ്രയേല്‍ തുടരുമെന്നും ദോഹയിലെ ആക്രമണത്തില്‍ ലക്ഷ്യംവെച്ച ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അടുത്തതവണ തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒരു കേന്ദ്രം ലക്ഷ്യമാക്കി 15 പോര്‍വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തങ്ങളുടെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും അത്യാഹിതം സംഭവിച്ചിട്ടില്ലെന്നും ഹമാസ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഖത്തറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: US President Trump expressed displeasure over Israel`s attack on Hamas leaders in Qatar.