വലുതെന്തോ വരുന്നു? ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി ട്രംപ്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡന്റിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻപ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപാണ് ട്രംപിന്റെ മടക്കം. എന്നാൽ ക്യാമ്പ് ഡേവിഡിൽനിന്ന് നേരത്തെ ട്രംപ് മടങ്ങുന്നതിന്റെ കാരണം അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ, മേഖലയിൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സൈനിക സംഘർഷം തീവ്രമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ഈ മേഖലയിലൂടെയോ മേഖലയിലേക്കോ ഉള്ള യാത്രകളെക്കുറിച്ച് അമേരിക്കക്കാർ പുനർചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ജാഗ്രതാ നിർദേശം ശക്തമാക്കിയത്.

അതിനിടെ, സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഏഴ് നിബന്ധനകൾ അമേരിക്കയ്ക്ക് മുന്നിൽ വച്ചിട്ടുണ്ട്. ഖത്തർ വഴിയാണ് ഈ നിബന്ധനകൾ അമേരിക്കയ്ക്ക് കൈമാറിയതെന്നും ട്രംപിന്റെ മറുപടിക്കായി ടെഹ്‌റാൻ കാത്തിരിക്കുകയാണെന്നും ഇറാനിയൻ സുരക്ഷാ തലവൻ മൊഹ്‌സെൻ റസായി അൽ ജസീറയോട് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുക, യു.എസ്. നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഏഴ് നിബന്ധനകളിൽ പരസ്യപ്പെടുത്തിയ മൂന്നെണ്ണമെന്ന് റസായി വ്യക്തമാക്കി. ബാക്കി നാല് നിബന്ധനകളുടെ വിവരങ്ങൾ അദ്ദേഹം പരസ്യമാക്കിയിട്ടില്ല. അമേരിക്ക ആവശ്യങ്ങൾ തള്ളിക്കളഞ്ഞാൽ നിർണായകമായ യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് മുന്നറിയിപ്പ് നൽകിയ റസായി, ട്രംപിന്റെ ഭീഷണികൾ കൊണ്ട് ഫലമുണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.