‘ബൈഡന്റെ വ്യോമയാന മാനേജ്‌മെന്റ് വൻ പരാജയം’; വിമാന സർവീസ് തടസ്സപ്പെട്ടതിൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തി ട്രംപ്

#ന്യൂസ് ഡെസ്ക്
ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ് | Photo: AP
ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: അമേരിക്കയിൽ സാങ്കേതിക തകരാറിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ മണിക്കൂറുകളോളം നിർത്തിവെക്കേണ്ടിവന്ന സംഭവത്തിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാംതവണ അധികാരത്തിലെത്തി രണ്ടുവർഷം പിന്നിടുന്പോഴാണ് മുൻ സർക്കാരിനെ ട്രംപ് പഴിചാരുന്നത്.

ബൈഡൻ ഭരണകൂടത്തിന്റെ വ്യോമയാന മാനേജ്‌മെന്റ് ഒരു വൻ ദുരന്തമായിരുന്നുവെന്നും അവർ തൊട്ടതെല്ലാം മോശമായെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ കുറ്റപ്പെടുത്തി. വലിയ തുക വിവേകമില്ലാതെ ചെലവഴിച്ച് സംവിധാനം കൂടുതൽ വഷളാക്കുകയാണ് ചെയ്തതെന്നും ട്രംപ് വിമർശിച്ചു.

നിലവിലെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ ഭൂരിഭാഗവും 50 വർഷത്തോളം പഴക്കമുള്ളതാണെന്നും കോൺഗ്രസ് അടിയന്തരമായി ഫണ്ട് അനുവദിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച സംവിധാനം അതിവേഗം പടുത്തുയർത്താൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങൾക്കുള്ള വ്യക്തമായ പദ്ധതി തങ്ങളുടെ പക്കലുണ്ടെന്നും എഫ്.എ.എ. മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈഡൻ ഭരണകൂടം ഈ മേഖലയെ വർഷങ്ങൾ പിന്നോട്ടടിച്ചു. പദ്ധതികൾ ഘട്ടങ്ങളായല്ലാതെ ഒറ്റയടിക്ക് പൂർത്തിയാക്കാൻ കോൺഗ്രസ് ആവശ്യമായ തുക വേഗത്തിൽ അംഗീകരിക്കണമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചിരുന്നു. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്നായിരുന്നു നടപടി. അസാധാരണ സാഹചര്യങ്ങളും സുരക്ഷയും മുൻനിർത്തിയാണ് നടപടിയെന്ന് എഫ്.എ.എ. വ്യക്തമാക്കിയിരുന്നു. വിമാന സർവീസുകൾ നിയന്ത്രിക്കുന്ന രാജ്യത്തുടനീളമുള്ള 22 റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയാണ് കമ്മ്യൂണിക്കേഷൻ തകരാർ ബാധിച്ചത്.