ഇന്ത്യൻ തിരഞ്ഞെടുപ്പിനെ പുകഴ്ത്തിയ ട്രംപ് ഒടുവിൽ ഇവിടുത്തെ തിരഞ്ഞെടുപ്പ് തന്ത്രവും കടമെടുത്തോ?

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

ന്ത്യൻ തിരഞ്ഞെടുപ്പ് രീതികളെ പ്രശംസിച്ച് അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ യുഎസ് തിരഞ്ഞെടുപ്പിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രധാന തന്ത്രം യുഎസിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തിയാൽ ഓരോ യുഎസ് പൗരനും 5,000 ഡോളർ വീതം വിഹിതം നൽകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് വിഹിതം എന്ന് പേരിട്ടിരിക്കുന്ന ഈ വാഗ്ദാനം ഇന്ത്യൻ തിരഞ്ഞെടുപ്പിൽനിന്ന് ട്രംപ് കടമെടുത്ത തന്ത്രമാണെന്നാണ് തോന്നുന്നത്. ഇറാനുമായുള്ള യുദ്ധത്തെത്തുടർന്നുള്ള വിലക്കയറ്റം ട്രംപിന് തിരിച്ചടി ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം. ഭരണവിരുദ്ധ വികാരം മാറ്റിയെടുക്കാൻ ഇന്ത്യയിൽ സാധാരണമായി രാഷ്ട്രീയ പാർട്ടികൾ പയറ്റുന്ന തന്ത്രമാണ് വോട്ടർമാർക്ക് നേരിട്ട് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന 'സൗജന്യ' വാഗ്ദാനങ്ങൾ. ക്ഷേമ പദ്ധതികളെന്ന പേരിൽ നടത്തുന്ന ഈ തന്ത്രം പലപ്പോഴും വിജയം കാണുകയും ചെയ്യാറുണ്ട്.

മുൻകാലങ്ങളിലും തിരഞ്ഞെടുപ്പ് കാലത്ത് നികുതിയിളവുകളും സാമ്പത്തിക പാക്കേജുകളും യുഎസിൽ പ്രഖ്യാപിക്കാറുണ്ടെങ്കിലും, 'ഞങ്ങളുടെ പാർട്ടി ജയിച്ചാൽ എല്ലാവർക്കും പണം തരാം' എന്ന രീതിയിലുള്ള ഒരു സാമ്പത്തിക പ്രഖ്യാപനം യുഎസ് രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമാണ്.

ബുധനാഴ്ച ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ ഇടക്കാല കൺവെൻഷനിൽ 100 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലാണ് യുഎസ് പ്രസിഡന്റ് ഈ വാഗ്ദാനം നൽകിയത്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നോ വിതരണം ചെയ്യുമെന്നോ ഉള്ള കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. മുതിർന്നവരായ അമേരിക്കൻ പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുന്നതിന് 1 ട്രില്യൺ ഡോളറിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ സമീപകാല സർവേകളിൽ ട്രംപിനുള്ള ജനപ്രീതി കുറഞ്ഞിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു വാഗ്ദാനം. ഓഗസ്റ്റിൽ യുഎസിന്റെ ദേശീയ കടം 40 ട്രില്യൺ ഡോളർ കവിഞ്ഞിരുന്നു. ഈ ആശങ്കകൾക്കിടയിൽക്കൂടിയാണ് വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന ട്രംപിന്റെ വാഗ്ദാനം.

ട്രംപിന്റെ പ്രഖ്യാപനത്തിൽ കടുത്ത വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. 'യുദ്ധത്തിലൂടെ ജനങ്ങളെ കൂടുതൽ അരക്ഷിതരും ദരിദ്രരുമാക്കിയശേഷം, ഡൊണാൾഡ് ട്രംപ് ഇപ്പോൾ നികുതിദായകരുടെ പണം ഉപയോഗിച്ച് 5,000 ഡോളർ നൽകി വോട്ട് വാങ്ങാൻ ശ്രമിക്കുകയാണ്' കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും അഴിമതിക്കാരനായ മനുഷ്യനാണ് ട്രംപെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Donald Trump announced a $5,000 payout for every US citizen if Republicans win the November midterm elections., The strategy resembles Indian election tactics of direct financial handouts to combat anti-incumbency., The proposal is estimated to cost over $1 trillion amid rising US national debt., Democratic leaders, including Gavin Newsom, strongly criticized the announcement as an attempt to buy votes.