വിമർശകർക്ക് 'ടിഡിഎസ് രോഗം'; ചികിത്സയുമായി ഡോക്ടർ ട്രംപ്, എഐ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡൻ്റ്

#ന്യൂസ് ഡെസ്ക്
വീഡീയോയില്‍നിന്ന് | Photo: screengrab: truthsocial/@realDonaldTrump
വീഡീയോയില്‍നിന്ന് | Photo: screengrab: truthsocial/@realDonaldTrump

വാഷിങ്ടൺ: തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ പരിഹാസരൂപേണയുള്ള എഐ വീഡിയോ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിമർശകർ രോഗികളായും താൻ ഒരു ഡോക്ടറായും  വേഷമിടുന്ന എഐ വീഡിയോയാണ് ട്രംപ് പങ്കുവെച്ചത്.  ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്കാവിനോ ജൂനിയർ ഇത് എക്‌സിലും പങ്കുവെച്ചു.

'ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം' (ടിഡിഎസ്) ബാധിച്ച തന്റെ സെലിബ്രിറ്റി വിമർശകരെ ചികിത്സിക്കുന്ന 'ഡോക്ടർ ട്രംപ്' ആയാണ് അദ്ദേഹം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.  തങ്ങളെ എതിർക്കുന്നവരെ പരിഹസിക്കാൻ ട്രംപും  അനുയായികളും സാധാരണയായി ഉപയോഗിക്കുന്ന പ്രയോഗമാണ് 'ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം' എന്നത്.

ഒരു ടെലിവിഷൻ മെഡിക്കൽ പരസ്യത്തിന്റെ മാതൃകയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ‘ഡൊണാൾഡ് ജെ ട്രംപ്, എംഡി’ എന്ന് രേഖപ്പെടുത്തിയ വെള്ള ലാബ് കോട്ടും കഴുത്തിൽ സ്റ്റെതസ്കോപ്പും ധരിച്ചാണ് 'ഡോക്ടർ ട്രംപ്' വീഡിയോയിലുള്ളത്. "നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ ടിഡിഎസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ? അതിന്റെ ലക്ഷണങ്ങൾ കഠിനമായിരിക്കാം. ഭാഗ്യവശാൽ, ഞാൻ ഡോക്ടർ ട്രംപാണ്, എന്റെ പക്കൽ അതിനുള്ള ചികിത്സാ പദ്ധതിയുണ്ട്," എന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നു.

ട്രംപിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുള്ള ഹോളിവുഡ് താരങ്ങളായ റോസി ഒഡൊണൽ, വൂപ്പി ഗോൾഡ്ബെർഗ്, റോബർട്ട് ഡി നീറോ, ജൂലിയ റോബർട്ട്സ്, എഡ്വേർഡ് നോർട്ടൺ, ജോൺ ലെഗുയിസാമോ എന്നിവരെ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികളായി വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. "ഇവരിൽ ചിലരെ സഹായിക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, അവർ അത്രത്തോളം വഷളായ അവസ്ഥയിലായിരുന്നു" എന്നും ട്രംപ് വീഡിയോയിൽ പരിഹസിക്കുന്നു.

ഈ രോഗത്തിന് ലളിതമായ മൂന്ന് ചികിത്സാവിധികളാണ് ഡോക്ടർ ട്രംപ് നിർദേശിക്കുന്നത്: വ്യാജ വാർത്തകൾ കാണുന്നത് നിർത്തുക, പ്രാർഥിക്കുക, എപ്പോഴെങ്കിലും ഉത്കണ്ഠ തോന്നിയാൽ തന്നെപ്പോലെ ഒരു ഡയറ്റ് കോക്ക് കുടിക്കുക എന്നിവയാണവ.

ഇതിനുമുൻപും സമാനമായ രീതിയിൽ എഐ ചിത്രങ്ങൾ ട്രംപ് ഉപയോഗിച്ചിട്ടുണ്ട്. മുൻപ് രോഗികളെ സുഖപ്പെടുത്തുന്ന യേശുക്രിസ്തുവായി തന്നെ ചിത്രീകരിക്കുന്ന എഐ ചിത്രം അദ്ദേഹം പങ്കുവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ താൻ യേശുവായല്ല, മറിച്ച് ഒരു ഡോക്ടറായാണ് ആ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു അന്ന് ട്രംപ് നൽകിയ വിശദീകരണം.

Content Highlights: Donald Trump released an AI-generated video acting as a doctor., The video mocks celebrity critics suffering from 'Trump Derangement Syndrome' (TDS)., Featured celebrities include Robert De Niro, Whoopi Goldberg, and Julia Roberts., Trump suggests three 'treatments': stopping fake news, prayer, and drinking Diet Coke., The video was shared on Truth Social and X to address political opposition.