വിമാനത്താവളത്തിനുള്ളില്‍ വിമാനങ്ങൾ കൂട്ടിയിടിച്ചു; വിമാനത്തിന്റെ ചിറക് അടർന്നുപോയി, ഒരാൾക്ക് പരിക്ക്

ലാ ഗാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചപ്പോൾ | Photo: 'X' @SaadAbedine
ലാ ഗാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചപ്പോൾ | Photo: 'X' @SaadAbedine

വാഷിങ്ടൺ: ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസിന്റെ രണ്ട് യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. വിമാനങ്ങൾ ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഒരു വിമാനത്തിന്റെ ചിറക് അടർന്നുപോയി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി ഏകദേശം 9:56-ഓടെയാണ് അപകടം നടന്നത്. ഒരു വിമാനത്തിന്റെ മുൻഭാഗം (നോസ്) മറ്റേ വിമാനത്തിന്റെ വലത് ചിറകിൽ ഇടിക്കുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോളിനെ(എടിസി) ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന്റെ വിൻഡ്ഷീൽഡിന് കേടുപാടുകൾ സംഭവിച്ചതായി പൈലറ്റുമാർ എടിസിയെ അറിയിച്ചിട്ടുണ്ട്.

ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന DL5047 വിമാനം ന്യൂയോർക്കിൽ ലാൻഡ് ചെയ്ത ശേഷം ടാക്സി ചെയ്യുമ്പോൾ, അതിൻ്റെ ഒരു ചിറക് മറ്റൊരു ഡെൽറ്റ റീജിയണൽ ജെറ്റിൽ കുടുങ്ങി അടർന്നുപോകുകയായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന പ്രൊഡ്യൂസറെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ റൺവേയിൽ എമർജൻസി വാഹനങ്ങൾ എത്തിയതിന്റെയും വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.