മഡുറോ US കോടതിയിൽ; വെനസ്വേലയിൽ കൊല്ലപ്പെട്ടത് ക്യൂബക്കാരായ 32 സൈനികർ; രണ്ടുദിവസം ദുഃഖാചരണം

ഹവാന: വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ തങ്ങളുടെ 32 പൗരന്മാർ കൊല്ലപ്പെട്ടതായി ക്യൂബ. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടാനുള്ള യുഎസ് ആക്രമണത്തിനിടെയാണ് ക്യൂബയുടെ സായുധ സേനാംഗങ്ങളും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും അടക്കം 32 പേർ കൊല്ലപ്പെട്ടത്. യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരസൂചകമായി രണ്ടുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായും ക്യൂബൻ സർക്കാർ അറിയിച്ചു.
അതേസമയം, കൊല്ലപ്പെട്ട ക്യൂബൻ പൗരന്മാരുടെ വെനസ്വേലയിലെ ദൗത്യം എന്തായിരുന്നെന്നോ ഇതുസംബന്ധിച്ച മറ്റു കൂടുതൽ വിവരങ്ങളോ ക്യൂബൻ സർക്കാർ വിശദീകരിച്ചിട്ടില്ല. എന്നാൽ, ദീർഘകാലമായി ക്യൂബയും വെനസ്വേലയും സഖ്യകക്ഷികളാണ്. വെനസ്വേല നൽകുന്ന എണ്ണയ്ക്ക് പകരമായി ക്യൂബ വെനസ്വേലയ്ക്ക് സുരക്ഷാസഹായവും പിന്തുണയും നൽകുന്നുണ്ടെന്നും ബിബിസി റിപ്പോർട്ട്‌ചെയ്തു. അതേസമയം, വെനസ്വേലയുടെ അഭ്യർഥനയനുസരിച്ചാണ് മഡുറോയ്ക്കും ഭാര്യയ്ക്കും ക്യൂബ സംരക്ഷണം നൽകിയിരുന്നതെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനലും പറഞ്ഞിരുന്നു.
വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള വിവരമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാമെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ട്.
ശനിയാഴ്ചയാണ് വെനസ്വേലയെ കടന്നാക്രമിച്ച് പ്രസിഡന്റ് നിക്കൊളാസ് മഡുറോയെയും ഭാര്യയെയും യുഎസ് റാഞ്ചിയത്. അമേരിക്കയിലേക്കുള്ള ലഹരിക്കടത്ത്, ആയുധം കൈവശംവെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരേ അമേരിക്ക ചുമത്തിയിരിക്കുന്നത്. ന്യൂയോർക്കിലെ ജയിലിൽ പാർപ്പിച്ചിരുന്ന ഇരുവരെയും ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ന്യൂയോർക്കിലെ കോടതിയിൽ എത്തിച്ചു. വൈകാതെ കോടതിനടപടികൾ ആരംഭിക്കും.
Content Highlights: Cuba reports 32 citizens, including armed forces and intelligence, died during a US attack in Venezuela targeting President Maduro. National mourning declared.