വുഹാനില്‍ സാമൂഹികവ്യാപനം ജനുവരി ആദ്യം തന്നെ ആരംഭിച്ചതായി ഗവേഷകര്‍

Representational image | Photo: AFP
Representational image | Photo: AFP

2019 ഡിസംബറിലാണ്‌ ലോകത്തിലെ ആദ്യത്തെ കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ രോഗബാധ കണ്ടെത്തുമ്പോള്‍ ന്യുമോണിയ പോലെയുള്ള ഒരു രോഗം എന്നു മാത്രമായിരുന്നു ആദ്യം കരുതിയത്. പിന്നീട് പുതിയതരം കൊറോണ വൈറസാണിതിന് പിന്നിലെന്ന് കണ്ടെത്തിയപ്പോഴും പ്രതിരോധിക്കാനാവാത്ത വിധത്തില്‍ ലോകം മുഴുവനും വ്യാപിക്കുമെന്ന് ആരും കരുതിയിരുന്നില്ല. 

ഡിസംബറിലാണ് വൈറസിനെ തിരിച്ചറിഞ്ഞതെങ്കിലും അതിന് നാളുകള്‍ക്ക് മുമ്പെ വുഹാനില്‍ വൈറസ് വ്യാപനം ആരംഭിച്ചിട്ടുണ്ടാവും എന്നാണ് ഗവേഷകര്‍ പറയുന്നത്. 2019 ഒക്ടോബര്‍ 6 മുതല്‍ 2020 ജനുവരി 21 വരെ വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ ശേഖരിച്ച 640 പേരുടെ സ്രവം പുനഃപരിശോധിച്ചതില്‍ ഒമ്പത് പേര്‍ക്ക് കോവിഡ്- 19 ആണെന്ന് കണ്ടെത്തി. 

ന്യുമോണിയ പോലെയുള്ള രോഗത്തിന് ചികിത്സ തേടിയെത്തിയവരില്‍ നിന്ന് ശേഖരിച്ച സാംപിളുകളാണിവ. വുഹാനിലെ ആറ് വിവിധ ജില്ലകളില്‍ നിന്നുള്ളവരുടേതാണ് ഈ സാംപിളുകള്‍. ഇതില്‍ നിന്ന് വ്യക്തമാകുന്നത് വുഹാനില്‍ കൊറോണ വൈറസിന്റെ സാമൂഹികവ്യാപനം ജനുവരി ആദ്യം ആരംഭിച്ചിരുന്നു എന്നാണ്.

വുഹാനിലെ രണ്ട് റെഫറല്‍ ആശുപത്രികളില്‍ ശേഖരിച്ചിരുന്ന 40 പേരുടെ സ്രവസാംപിളുകളില്‍ ഒരെണ്ണം കോവിഡ് പോസിറ്റീവാണെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ അതിന് മുമ്പ് തന്നെ വൈറസിന്റെ വ്യാപനം ചൈനയ്ക്ക് പുറത്തെത്തിയിരുന്നു. ജനുവരി 4 നാണ് ആശുപത്രിയില്‍ സൂക്ഷിച്ച സാംപിള്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. എന്നാല്‍ അതിന് അതിന് ഒരാഴ്ച മുമ്പ് തന്നെ വുഹാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വ്യാപനശേഷി കൂടിയ വൈറസ് ഇനമാണിതെന്നുള്ള തിരിച്ചറിയല്‍ വൈകിയത് കൊറോണയെ ആഗോള പ്രതിസന്ധിയാക്കി മാറ്റി. 

വുഹാനില്‍ മത്സ്യവും മാംസവും വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പ്രവേശിച്ചത് എന്നാണ് ഇതുവരെയുള്ള നിഗമനം. വൈറസിന്റെ യഥാര്‍ഥ ഉറവിടം ഇതു വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മാര്‍ക്കറ്റിലെ ഏതോ ഒരു സാഹചര്യത്തില്‍ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ഇപ്പോഴും ഭൂരിഭാഗം ഗവേഷകരുടേയും അനുമാനം. ജനുവരി 20 വരെ ഈ വൈറസ് പകര്‍ച്ചവ്യാധിയുടെ ഹേതുവാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.  

ഇപ്പോഴും പുതിയ കൊറോണവൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വ്യത്യസ്ത നിഗമനങ്ങളാണ് ഗവേഷകലോകത്തിലുള്ളത്. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആവാം ഇത് മനുഷ്യരിലേക്കെത്തിയതെന്നാണ് ഭൂരിപക്ഷനിഗമനം. വവ്വാല്‍ പോലെയുള്ള ജീവികളില്‍ നിന്ന് ഈ വൈറസ് വരാനുളള സാധ്യതയും നിലനില്‍ക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. 

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രമല്ല മറ്റ് ജീവികളിലേക്ക് പകരാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. യുഎസിലെ ഒരു മൃഗശാലയിലെ കടുവയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഈ നിഗമനത്തിന് ആക്കം കൂടുകയും ചെയ്തു. എന്നാല്‍ അടിയന്തരമായി രോഗത്തെ നിയന്ത്രിക്കാനുള്ള പ്രതിരോധമരുന്ന് കണ്ടെത്താനുള്ള തീവ്രയജ്ഞത്തിലാണ് ശാസ്ത്രജ്ഞര്‍. 

76 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം വുഹാന്‍ വീണ്ടും സാധാരണനിലയിലേക്ക് മടങ്ങുകയാണ്. ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജനജീവിതം സാധാരണമാവുകയാണ്. എന്നാല്‍ വൈറസ് പകരാനുള്ള സാധ്യത ജനുവരി ആദ്യം തന്നെ  നിലനിന്നിരുന്നപ്പോഴും ചൈന അത് ലോകത്തിന് മുന്നില്‍ തുറന്നു പറയാന്‍ മടികാണിച്ചതെന്തുകൊണ്ടെന്ന് ചോദ്യമാണ് ഗവേഷകര്‍ക്ക്. 

Content Highlights: Covid-19 spread in Wuhan started earlier than China reported says research 

Content Highlights: