യുദ്ധത്തിന് വേണ്ടിവരിക വൻതുക; സംഘർഷം നീണ്ടാൽ യുഎസിന് 17 ലക്ഷം കോടിവരെ ചെലവ്; നികുതിദായകർക്ക് ഇടിത്തീ

വാഷിംഗ്ടൺ: ഇറാനെ ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി' ലോക സമ്പദ്വ്യവസ്ഥയെയും അമേരിക്കൻ നികുതിദായകരേയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കം വരുംആഴ്ചകളിലും തുടർന്നാൽ, യുദ്ധത്തിന്റെ ആകെ ചെലവ് ഭീമമായ തുകയിലേക്ക് ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിലെ കണക്കുകൾ പ്രകാരം നേരിട്ടുള്ള സൈനിക ചെലവുകൾ മാത്രം 95 ബില്യൺ ഡോളർവരെ എത്തിയേക്കാം. അനുബന്ധ സാമ്പത്തിക ആഘാതങ്ങൾ കൂടി കണക്കിലെടുത്താൽ ഇത് 210 ബില്യൺ ഡോളറിലധികം (ഏകദേശം 17 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) വരുമെന്നാണ് പെൻ വാർട്ടൺ ബജറ്റ് മോഡൽ (PWBM) നൽകുന്ന മുന്നറിയിപ്പ്.
യുദ്ധത്തിന് മുന്നൊരുക്കമെന്ന നിലയിൽ പശ്ചിമേഷ്യ കേന്ദ്രീകരിച്ച് നടത്തിയ സൈനിക സജ്ജീകരണങ്ങൾക്കും കപ്പൽ-വിമാന വിന്യാസത്തിനുമായി ഏകദേശം 5,500 കോടിയോളം രൂപ ചെലവായി. ഓപ്പറേഷന്റെ ആദ്യ 24 മണിക്കൂറിൽത്തന്നെ 6,800 കോടിയോളം ചെലവ് വന്നു. 2026 യു.എസ്. പ്രതിരോധ ബജറ്റിന്റെ ഏകദേശം 0.1 ശതമാനമാണിത്. കൂടാതെ നാവിക-വ്യോമ വിന്യാസത്തിന്റെ ദൈനംദിന ചെലവുകൾ, ഉപകരണങ്ങളുടെ നഷ്ടം, ആയുധങ്ങൾ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ എല്ലാ കണക്കുകളുമെടുത്താൽ രണ്ട് ബില്യണിലധികമാണ് ചെലവ്. സംഘർഷം രണ്ടുമാസത്തിലധികം നീണ്ടാൽ ഏതാണ്ട് 210 ബില്യൺ ഡോളർ (17 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) ചെലവ് വരുമെന്നാണ് അനുമാനം.
പേർഷ്യൻ ഗൾഫിൽ വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനിക്കപ്പലുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി മാത്രം 13 മില്യൺ ഡോളർ അധികമായി ചിലവഴിക്കേണ്ടിവരുന്നുണ്ട്. 2023 ഒക്ടോബർ മുതൽ ഇസ്രായേലിന് നൽകുന്ന സൈനിക സഹായം വേറെയുമുണ്ട്.
പതിറ്റാണ്ടുകൾക്കിടയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ബി-2 സ്റ്റെൽത്ത് ബോംബറുകൾ, എഫ്-35 യുദ്ധവിമാനങ്ങൾ, ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ തുടങ്ങി അതിനൂതനമായ ആയുധശേഖരങ്ങളാണ് ഇറാനിലെ ആയിരത്തിലധികം ലക്ഷ്യങ്ങൾ തകർക്കാൻ അമേരിക്ക ഉപയോഗിക്കുന്നത്. ഓപ്പറേഷൻ എപിക് ഫ്യൂറി രണ്ട് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, സാധാരണക്കാരായ അമേരിക്കൻ നികുതിദായകർക്കുമേൽ ഇത് വലിയ സാമ്പത്തിക ഭാരമായിമാറും.
Content Highlights: Direct military costs for Operation Epic Fury are projected to range