നോക്കിനിൽക്കെ കെട്ടിടങ്ങൾ അപ്രത്യക്ഷം, ഇറങ്ങിയോടി ജനം; കൊളംബിയ ഭൂകമ്പത്തിൽ മരണം 132 ആയി | Video

#ന്യൂസ് ഡെസ്ക്
Photo: X
Photo: X

ബൊഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ വർധിക്കുന്നു. ഔദ്യോഗിക കണക്കുപ്രകാരം ഇതുവരെ 132 പേരാണ് ദുരന്തത്തിൽ മരിച്ചത്. 570 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

1600 കെട്ടിടങ്ങൾ തകർന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1575 വീടുകൾ, 18 ആരോഗ്യ കേന്ദ്രങ്ങൾ, 52 സ്കൂളുകൾ എന്നിവയും തകർന്നവയിൽപെടും. 61 കെട്ടിടങ്ങൾ പൂർണമായും ഇല്ലാതായെന്ന് കൊളംബിയ പ്രസിഡന്റ് ബെലാർഡോ ഡി ലാ എസ്പ്രിയല്ല പറഞ്ഞു. "ജനങ്ങളെ ഒറ്റയ്ക്കാക്കില്ല, അവർ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. പൂർണ ഉത്തരവാദിത്വത്തോടെ അവരുടെ കാര്യങ്ങൾ പരിഗണിക്കും', എസ്പ്രില്ല പറഞ്ഞു.

ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നോക്കിനിൽക്കെ പടുകൂറ്റൻ കെട്ടിടങ്ങൾ തകർന്നു വീഴുന്നത് ദൃശ്യങ്ങൾ കാണാം. ആർത്തുവിളിച്ച് ജനം ഓടി മറയുന്നതും ദൃശ്യങ്ങളിലുണ്ട്.

21-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമാണിതെന്ന് കൊളംബിയ ജിയോളജിക്കൽ സർവീസ് പറഞ്ഞു. കെട്ടിടത്തിനടിയിൽ പെട്ടവരെ രക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തിങ്കളാഴ്ച തലസ്ഥാനമായ ബൊഗോട്ടയെയടക്കം പിടിച്ചുകുലുക്കിയത്. 21 തുടർചലനങ്ങളും ഉണ്ടായി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്‌. ബൊഗോട്ടെയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള സാൻ ഹോസേ ഡെൽ പാമറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. അതിർത്തി രാജ്യമായ എക്വഡോറിലും പ്രകമ്പനമുണ്ടായി.

ചെറു പ്രകമ്പനങ്ങൾ സ്ഥിരമായി ഉണ്ടാവാറുണ്ടെങ്കിലും രാജ്യത്ത് ഇത്രവലിയ ഭൂചലനമുണ്ടാകുന്നത് അപൂർവമാണ്. 1999-ലുണ്ടായ, റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1100 പേർ കൊല്ലപ്പെട്ടിരുന്നു.

Content Highlights: A 7.4 magnitude earthquake struck Colombia, causing severe destruction., Death toll reached 132 with 570 injured and many trapped under debris., Over 1,600 buildings, including homes, schools, and health centers, were destroyed., Declared the most powerful earthquake of the 21st century by the Colombia Geological Service., Epicenter located in San Jose del Palmar, with tremors felt in neighboring Ecuador.