9/11 ആക്രമണത്തിനുമുമ്പ് ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും; രേഖകൾ പുറത്തുവിട്ട് സിഐഎ

വാഷിങ്ടൺ: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA) പുറത്തുവിട്ട രഹസ്യരേഖകളിൽ ഇന്ത്യയെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ. 2001 സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണത്തിന് വർഷങ്ങൾക്ക് മുമ്പുതന്നെ ഉസാമ ബിൻ ലാദൻ ആക്രമണം നടത്താൻ പരിഗണിച്ചിരുന്ന, സാധ്യതയുള്ള ലക്ഷ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു എന്നാണ് പുതുതായി പുറത്തുവിട്ട യുഎസ് ഇന്റലിജൻസ് രേഖകൾ വ്യക്തമാക്കുന്നത്.
1998 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റുമാർക്ക് നൽകിയ എഴുപതിലധികം സുപ്രധാന റിപ്പോർട്ടുകളാണ് സിഐഎ ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദൻ ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളെ ലക്ഷ്യം വച്ചിരുന്നുവെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. പാകിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഭീകരവാദികളുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്നാണ് 1998-ലെ ഒരു രഹസ്യക്കുറിപ്പ് സൂചിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള ബിൻ ലാദന്റെ ശക്തമായ ശൃംഖലയെക്കുറിച്ചും വരാനിരിക്കുന്ന ഭീഷണികളെക്കുറിച്ചും അമേരിക്കൻ ഭരണകൂടത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് ഈ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്നത്.
1998 ഓഗസ്റ്റ് 28-ലെ പ്രസിഡൻഷ്യൽ ഇന്റലിജൻസ് റിപ്പോർട്ടിൽ, അന്നത്തെ അൽഖ്വായ്ദ തലവൻ ആക്രമണം നടത്താൻ ആഗ്രഹിച്ചിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയോടൊപ്പം പാകിസ്താൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യമൻ, ഉഗാണ്ട എന്നിവയെയും ഉൾപ്പെടുത്തിയിരുന്നു എന്നാണ് സിഐഎ റിപ്പോർട്ടിൽ പറയുന്നത്. നൈജീരിയയെ മറ്റൊരു സാധ്യതാ ലക്ഷ്യമായി അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്ത്യയിലെ ഏതെങ്കിലും നിർദ്ദിഷ്ട ലക്ഷ്യത്തെക്കുറിച്ചോ, ഇത്തരം ഒരു ആക്രമണം എപ്പോഴാണ് അല്ലെങ്കിൽ എങ്ങനെയാണ് നടപ്പിലാക്കുക എന്നതിനെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ഈ രേഖകളിൽ ഇല്ല. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന്റെ 25-ാം വാർഷിക വേളയിലാണ് സിഐഎ 70-ലധികം പ്രസിഡൻഷ്യൽ ഇന്റലിജൻസ് രേഖകൾ പുറത്തുവിട്ടത്.
100-ലധികം പേജുകളുള്ള ഈ രേഖകൾ, 9/11-ന് മുമ്പുള്ള വർഷങ്ങളിൽ ബിൻ ലാദൻ ഉയർത്തിയ ഭീഷണിയെക്കുറിച്ചുള്ള യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകളിലേക്കാണ് വെളിച്ചം വീശുന്നത്. 'ബിൻ ലാദന്റെ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണിയാണ്' (Bin Ladin Terrorist Network Still a Threta) എന്ന് തലക്കെട്ടുള്ള 1998 ഓഗസ്റ്റിലെ റിപ്പോർട്ട്, അഫ്ഗാനിസ്താനിലെ അൽഖ്വായ്ദ ക്യാമ്പുകൾക്ക് നേരെ യുഎസ് നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ശേഷമുള്ള ബിൻ ലാദന്റെ ശൃംഖലയുടെ അവസ്ഥ വിലയിരുത്തുന്നതായിരുന്നു.
ഈ വിവരങ്ങൾക്ക് പിന്നിലെ സ്രോതസ്സ് രേഖപ്പെടുത്താതെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ബിൻ ലാദന്റെ ലക്ഷ്യങ്ങൾ അമേരിക്കയ്ക്കെതിരായ ആക്രമണങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപിച്ചിരുന്നുവെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ആക്രമണത്തിനായി പരിഗണിക്കപ്പെട്ട രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയും ഉണ്ടായിരുന്നത്. ബിൻ ലാദന്റെ ശൃംഖല ഇതിനകം നേടിയ വളർച്ചയിലേക്കും ഈ രേഖ വിരൽ ചൂണ്ടുന്നു.
1998 ഓഗസ്റ്റിൽ അഫ്ഗാനിസ്താനിലെ അൽഖ്വായ്ദ ക്യാമ്പുകൾക്ക് നേരെ അമേരിക്ക മിസൈൽ ആക്രമണം നടത്തിയ ശേഷമാണ് ഈ ഇന്റലിജൻസ് വിലയിരുത്തലുണ്ടായത്. ആക്രമണങ്ങൾ ഉണ്ടായിരുന്നിട്ടും, അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബിൻ ലാദനും മറ്റ് ഭീകര നേതാക്കളും രക്ഷപ്പെട്ടുവെന്നും 'അവരുടെ ആശയവിനിമയ ശൃംഖല തകർന്നിട്ടില്ലെന്നുമാണ്' യുഎസ് ഇന്റലിജൻസ് വിലയിരുത്തിയത്.
ചില ക്യാമ്പുകളിൽ സംഘടന പരിശീലനം പുനരാരംഭിക്കുകയും മറ്റു ചിലത് പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. യുഎസ് ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കുറഞ്ഞത് 60 രാജ്യങ്ങളിലെങ്കിലും ഉള്ള വ്യക്തികളുടെയും സഖ്യ സംഘടനകളുടെയും ശൃംഖലയെ ആക്രമണങ്ങൾ നടത്താൻ ബിൻ ലാദൻ ഉപയോഗിച്ചേക്കാം എന്നായിരുന്നു ആ മുന്നറിയിപ്പ്. 9/11-ന് മുമ്പും ബിൻ ലാദൻ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് മുമ്പ് തന്നെ വൈറ്റ് ഹൗസിന് സമർപ്പിച്ച ഇന്റലിജൻസ് റിപ്പോർട്ടുകളിൽ ബിൻ ലാദന്റെ ഭീഷണി തുടർച്ചയായി ഉയർന്നുവന്നിരുന്നുവെന്ന് വ്യക്തമാക്കുന്നു. പുതുതായി പുറത്തുവിട്ട പ്രസിഡൻഷ്യൽ ഇന്റലിജൻസ് റിപ്പോർട്ടുകൾ 1998 മുതൽ 2001 വരെയുള്ള കാലഘട്ടത്തിലെ ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ് ഭരണകൂടങ്ങളുടെ കാലത്തെ വിവരങ്ങൾ അടങ്ങുന്നതുമാണ്.
9/11-ൽ അൽഖ്വായ്ദ അമേരിക്കൻ മണ്ണിൽ ഏറ്റവും മാരകമായ ഭീകരാക്രമണം നടത്തുന്നതിന് മുമ്പുള്ള വർഷങ്ങളിൽ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് യുഎസ് ഇന്റലിജൻസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഇവ വ്യക്തമാക്കുന്നു.
2001 സെപ്റ്റംബർ 11-ന് സംഭവിച്ചത്
2001 സെപ്റ്റംബർ 11-ന് 19 അൽഖ്വായ്ദ ഭീകരർ അമേരിക്കയിൽ നാല് യാത്രാ വിമാനങ്ങൾ തട്ടിയെടുത്തു. രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ട്വിൻ ടവറുകളിലേക്ക് ഇടിച്ചുകയറ്റുകയും രണ്ട് കെട്ടിടങ്ങളും പൂർണ്ണമായി തകരുകയും ചെയ്തു. മറ്റൊരു വിമാനം വാഷിങ്ടണിന് പുറത്തുള്ള പെന്റഗണിൽ ഇടിച്ചു.
നാലാമത്തെ വിമാനം, യാത്രക്കാർ ഭീകരർക്കെതിരെ എതിർത്തു പോരാടിയതിനെ തുടർന്ന് പെൻസിൽവാനിയയിലെ വയലിൽ തകർന്നുവീണു. ഇത് വൈറ്റ് ഹൗസിനെയോ യുഎസ് ക്യാപിറ്റലിനെയോ ലക്ഷ്യമിട്ട് നീങ്ങുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
ഈ ആക്രമണങ്ങളിൽ 3,000-ത്തോളം ആളുകൾ കൊല്ലപ്പെടുകയും ആ വർഷം അവസാനം നടന്ന അഫ്ഗാനിസ്താൻ അധിനിവേശം ഉൾപ്പെടെ യുഎസ് നയിച്ച 'ഭീകരതയ്ക്കെതിരായ യുദ്ധത്തിന്' വഴിതുറക്കുകയും ചെയ്തു. പിന്നാലെയാണ് ബിൻ ലാദൻ കൊല്ലപ്പെടുന്നത്.
Content Highlights: Newly released CIA documents reveal that India was considered a potential target by Osama bin Laden years before the 9/11 attacks, alongside countries like Pakistan and Saudi Arabia. The documents, part of over 70 presidential intelligence reports from 1998 to 2001, highlight the global threat posed by bin Laden's network and the warnings given to the U.S. government.