വിദേശ രാജ്യത്തിനായി ചാരപ്രവർത്തനം, 100-ലധികം രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കൈമാറി: ചൈനീസ് സർക്കാർ ഉദ്യോഗസ്ഥന് വധശിക്ഷ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

ബീജിങ്: വിദേശത്ത് സേവനമനുഷ്ഠിക്കുന്നതിനിടെ വിദേശ ചാരസംഘടന റിക്രൂട്ട് ചെയ്യുകയും, തുടർന്ന് ചൈനയിൽ തിരിച്ചെത്തിയ ശേഷം രാജ്യത്തിന്റെ സുപ്രധാന രഹസ്യങ്ങൾ ചോർത്തി നൽകുകയും ചെയ്ത ഒരു സർക്കാർ ഉദ്യോഗസ്ഥന് ചൈനയിലെ കോടതി വധശിക്ഷ വിധിച്ചു. ഇയാളുടെ വ്യക്തിഗത സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനും ഉത്തരവിട്ടു.

'മാ'എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇയാളുടെ യഥാർഥ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 100-ലധികം രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് ഇയാൾ വിദേശ ഹാൻഡ്‌ലർക്ക് അയച്ചുകൊടുത്തതെന്നാണ് വിവരം. ഇതിൽ 35 എണ്ണം രാജ്യത്തിന്റെ അതീവ സുപ്രധാന രഹസ്യങ്ങളായി വർഗ്ഗീകരിച്ചവയാണ്. ചൈനയുടെ 'നാഷണൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റേറ്റ് സീക്രട്ട്സ് പ്രൊട്ടക്ഷൻ' നിരീക്ഷിക്കുന്ന 'ബാഓമിഗുവാൻ' എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് പുറത്തുവിട്ട വിവരങ്ങളിലാണ് കോടതി പ്രതിക്ക് വധശിക്ഷയും ഇയാളുടെ വ്യക്തിഗത സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനും ഉത്തരവിട്ടതായി വ്യക്തമാക്കുന്നത്.

ചാരപ്രവർത്തനങ്ങൾക്ക് പ്രതിഫലമായി 10 ലക്ഷത്തിലധികം യുവാൻ (ഏകദേശം 1,50,000 യു.എസ്. ഡോളർ) ഇയാൾ കൈപ്പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം ഏതാണെന്നോ, ഇയാളെ റിക്രൂട്ട് ചെയ്ത വിദേശ ചാരസംഘടന ഏതാണെന്നോ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഇയാളെ അറസ്റ്റ് ചെയ്ത തീയതിയെക്കുറിച്ചോ വധശിക്ഷ നടപ്പാക്കിയോ എന്നതിനെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.