ആ ആണവ പൊട്ടിത്തെറിക്ക് 40 വർഷം; ആശങ്കയൊഴിയാതെ ചെർണോബിൽ

ചെർണോബിൽ: 1986 ഏപ്രിൽ 26, രാത്രി 1.23. അപ്പോഴായിരുന്നു ചരിത്രത്തിലെ ഏറ്റവുംവലിയ ആണവ അപകടം. യുക്രൈനിലെ ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചു. അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു യുക്രൈൻ. സുരക്ഷാപരിശോധനയ്ക്കിടെയുണ്ടായ പിഴവായിരുന്നു അപകടകാരണം. പത്തുദിവസത്തിലേറെ ആണവ ഇന്ധനം കത്തിയെരിഞ്ഞു. അണുവികിരണം നിറഞ്ഞ പുക അന്തരീക്ഷത്തിൽ കലർന്നു. യുക്രൈനും ബെലറൂസും റഷ്യയും കടന്ന് യൂറോപ്പിൽ പരന്നു.
ഏപ്രിൽ 28-ന് സ്വീഡനാണ് അണുവികിരണത്തെക്കുറിച്ച് ആദ്യ മുന്നറിയിപ്പുനൽകിയത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ.) ഏപ്രിൽ 30-ന് ഔദ്യോഗിക അറിയിപ്പുനൽകി. പക്ഷേ, മേയ് 14-നാണ് സോവിയറ്റ് യൂണിയൻ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചത്.
യു.എന്നിന്റെ കണക്കിൽ 4000 പേർ ചെർണോബിൽ ദുരന്തത്തിൽ മരിച്ചു. ഒരുലക്ഷത്തോളം പേർ മരിച്ചു എന്ന് പരിസ്ഥിതിസംഘടനയായ ഗ്രീൻപീസിന്റെ കണക്ക്. ആണവമാലിന്യം നീക്കാൻ ആറുലക്ഷത്തോളംപേർ പ്രവർത്തിച്ചു. അവരെല്ലാംതന്നെ അണുവികിരണത്തിന് ഇരകളായി.
ആണവോർജത്തെ പൊതുജനം ഭയക്കാൻതുടങ്ങി. യൂറോപ്പിലെമ്പാടും ആണവവിരുദ്ധപ്രസ്ഥാനങ്ങളുണ്ടായി. വടക്കൻ യുക്രൈനിലെ 2200 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശവും തെക്കൻ ബെലറൂസിലെ 2600 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശവും ഇന്നും വാസയോഗ്യമല്ല. 24,000 വർഷത്തേക്ക് ഇവിടെ മനുഷ്യവാസം സാധ്യമല്ലെന്നു പറയുന്നു ഐ.എ.ഇ.എ.
ചെർണോബിൽ നിലയത്തിന്റെ അവശിഷ്ടങ്ങൾക്ക് സ്റ്റീലും കോൺക്രീറ്റും കൊണ്ടുള്ള രണ്ടുപാളി കവചമുണ്ടിന്ന്. 2022-ലെ യുക്രൈൻ അധിനിവേശത്തിന്റെ ആദ്യദിനംതന്നെ റഷ്യൻസൈന്യം ഈ നിലയം പിടിച്ചെടുത്തു. ഒരുമാസത്തിനുശേഷം ഒഴിഞ്ഞുപോയി. പക്ഷേ, 2025 ഫെബ്രുവരിയിൽ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ നിലയത്തിന്റെ സുരക്ഷാ കവചത്തിൽ വിള്ളൽവീണു. ഇപ്പോൾ അത് അടയ്ക്കാൻ നിർവാഹമില്ല. അറ്റകുറ്റപ്പണിക്ക് മൂന്നുനാലുവർഷമെടുക്കും. ചെർണോബിൽ ദുരന്തമുയർത്തിയ ഭീഷണി 40-ാം വർഷവും ഒഴിയുന്നില്ല.
Content Highlights: Chronology of the 1986 Chernobyl nuclear disaster., IAEA data on long-term radiation impact and uninhabitable zones., Impact of the 2025 Russian drone attack on the containment structure., Current status of the containment shield repairs expected to take years.