ഒറ്റദിവസം കൊണ്ട് ഇല്ലാതാക്കിയത് 500 മില്യൺ ഡോളർ, തുർക്കി കമ്പനിയെ ഒതുക്കി ഇന്ത്യ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

അങ്കാറ: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ പാകിസ്താനെ പിന്തുണച്ച തുർക്കിക്ക് കടുത്ത തിരിച്ചടികളാണ് നേരിടേണ്ടിവന്നത്. തുർക്കി ഏവിയേഷൻ കമ്പനിയായ സെലിബിക്ക് ഇന്ത്യയിൽ നേരിട്ടത് കനത്ത തിരിച്ചടിയാണ്. പാകിസ്താനെ സൈനികമായി തുർക്കി സഹായിച്ചതിനെത്തുടർന്ന് സെലിബി ഏവിയേഷന്റെ സുരക്ഷാ അനുമതി ഇന്ത്യൻ സർക്കാർ അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. 2000 മുതൽ വർഷങ്ങളായി ഇന്ത്യയിൽ കെട്ടിപ്പടുത്ത ഏകദേശം 500 മില്യൺ ഡോളറിന്റെ (47,26,94,50,000 ഇന്ത്യൻ രൂപ) വിപണി മൂല്യമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായതെന്ന് കമ്പനി ചെയർപേഴ്‌സൺ കാനൻ സെലിബിയോഗ്ലുവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയപ്പോൾ തുർക്കി പരസ്യമായി പാകിസ്താനെ പിന്തുണച്ചിരുന്നു. 350-ലധികം ബെയ്റാക്തർ ടിബി2, അസിസ്ഗാർഡ് സോംഗാർ ഡ്രോണുകളും സൈനിക ഉദ്യോഗസ്ഥരെയും തുർക്കി പാകിസ്താനിലേക്ക് അയച്ചതായും ഇന്ത്യൻ സൈനിക, സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ഈ ഡ്രോണുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യയിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് രംഗത്തെ ഏറ്റവും വലിയ ശക്തിയായിരുന്നു സെലിബി. ഡൽഹി, മുംബൈ, ബെംഗളൂരു ഉൾപ്പെടെ ഒമ്പത് പ്രധാന വ്യോമയാന ഹബ്ബുകളിലെ പ്രവർത്തനങ്ങൾ ഇവർക്കായിരുന്നു. പ്രതിവർഷം 58,000 വിമാനങ്ങളും 5.4 ലക്ഷം ടൺ കാർഗോയും കൈകാര്യം ചെയ്തിരുന്ന ഈ കമ്പനിയുടെ പ്രവർത്തനം സർക്കാർ നിർത്തിയതോടെ, ഇവരുടെ 10,000 ജീവനക്കാരെ മറ്റൊരു ഓപ്പറേറ്ററിലേക്ക് മാറ്റുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയത്. വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കാർഗോ സുരക്ഷാ പരിശോധന, യാത്രക്കാരുടെ രേഖകൾ പരിശോധിക്കൽ തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിലായിരുന്നു സെലിബിയുടെ പ്രവർത്തനം. രാജ്യതാൽപ്പര്യം സംരക്ഷിക്കുന്നതിനായി ഇത്തരമൊരു ഗൗരവകരമായ നടപടി അനിവാര്യമാണെന്ന് നിലപാടിലായിരുന്നു രാജ്യം.

സുരക്ഷാ അനുമതി റദ്ദാക്കിയതിനെതിരെ സെലിബി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയിൽ നിന്നും തിരിച്ചടിയാണ് ലഭിച്ചത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്ഷമിക്കുന്നതിനേക്കാൾ നല്ലത് ജാഗ്രത പാലിക്കുന്നതാണ് എന്ന് നിരീക്ഷിച്ചുകൊണ്ട് കോടതി സർക്കാർ ഉത്തരവ് ശരിവെച്ചു. തുർക്കി പ്രസിഡന്റ് എർദോഗന്റെ മകൾക്ക് കമ്പനിയിൽ പങ്കാളിത്തമുണ്ടെന്ന ആരോപണങ്ങൾ കമ്പനി നിഷേധിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല.

ഈ നടപടി തങ്ങളെ വലിയ രീതിയിൽ ഞെട്ടിച്ചുവെന്നാണ് കമ്പനി ചെയർപേഴ്‌സൺ കാനൻ സെലിബിയോഗ്ലു ബ്ലൂംബെർഗിനോട് പ്രതികരിച്ചത്. ഇന്ത്യയെ തന്റെ രണ്ടാം രാജ്യമായാണ് കണ്ടിരുന്നതെന്നും, ഓരോ നൂലിഴയും നെയ്തെടുക്കുന്നതുപോലെ അത്യധ്വാനം ചെയ്ത് കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം ഒറ്റദിവസം കൊണ്ട് തകർന്നത് തന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യയെപ്പോലൊരു വലിയ വിപണിയിൽ ബിസിനസ്സ് ചെയ്യുന്നതിലെ വെല്ലുവിളികൾ തനിക്ക് ബോധ്യമുണ്ടെങ്കിലും ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

പാകിസ്താനെ സൈനികമായി സഹായിക്കുന്ന നിലപാട് തുർക്കി സ്വീകരിച്ച സാഹചര്യത്തിൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണ്ണായക മേഖലകളിൽ ഒരു തുർക്കി കമ്പനിയെ അനുവദിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് രണ്ട് തുർക്കി സൈനിക ഉദ്യോഗസ്ഥർ പാകിസ്താനിൽ കൊല്ലപ്പെട്ടതും തുർക്കിയുടെ നേരിട്ടുള്ള ഇടപെടലിന്റെ തെളിവായി ഇന്ത്യ കാണുന്നു.

Content Highlights: India revoked Celebi Aviation's security clearance following Operation Sindoor in 2025. $500M fallout.