ബന്ദികളുടെ പട്ടിക കൈമാറിയില്ല; ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലായില്ല; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

ഗാസയിലെ ഇസ്രയേല്‍ സൈനിക വാഹനങ്ങള്‍
ഗാസയിലെ ഇസ്രയേല്‍ സൈനിക വാഹനങ്ങള്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ വൈകുന്നു. പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായി ഗാസയില്‍ ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ ആരംഭിക്കാനിരുന്നത്. പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യന്‍ സമയം ഉച്ചയോടെ) വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്ന് സമാധാനചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് അല്‍ അന്‍സാരി അറിയിച്ചത്. പക്ഷേ, ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. 

കരാര്‍ നടപ്പിലാകുന്നതുവരെ ഗാസയിലെ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇതോടെ ഗാസയിലെ സമാധാന ശ്രമങ്ങള്‍ ഇനി എങ്ങനെ പുരോഗമിക്കുമെന്നതില്‍ ആശങ്കകളേറി. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഹമാസ് പരാജയപ്പെട്ടെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. അതേസമയം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മോചിപ്പിക്കുന്ന മൂന്ന് വനിതകളുടെ വിവരങ്ങള്‍ ഹമാസ് കൈമാറിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

വെടിനിര്‍ത്തല്‍ കരാറിലെ നിബന്ധനകളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ട് പലസ്തീന്‍ സംഘടനയായ ഹമാസ് ടെലിഗ്രാമില്‍ ഒരു പ്രസ്താവന ഇറക്കി. ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കേണ്ട തടവുകാരുടെ പേരുകള്‍ കൈമാറുന്നതില്‍ കാലതാമസം നേരിടുന്നത് സാങ്കേതിക കാരണങ്ങളാലാണെന്നാണ് ഹമാസ് വിശദീകരിക്കുന്നത്. ഗാസയിലെ ജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാനും ഖത്തര്‍ നിര്‍ദേശിച്ചിരുന്നു. 

ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇതില്‍ മൂന്നുപേരെ ഞായറാഴ്ച വിട്ടയയ്ക്കും. ഇവര്‍ 30 വയസ്സില്‍താഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തില്‍ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേല്‍ അറിയിച്ചു. 

ജനവാസമേഖലകളില്‍നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കരാര്‍ നടപ്പിലാകാന്‍ വൈകുന്നത് സമാധാന ശ്രമങ്ങളെ ബാധിക്കും. ആദ്യഘട്ടവെടിനിര്‍ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള്‍ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചര്‍ച്ച തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഖത്തര്‍, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ ശ്രമഫലമായുണ്ടായ വെടിനിര്‍ത്തല്‍ക്കരാര്‍ വെള്ളിയാഴ്ച വൈകിയാണ് ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചത്.

Content Highlights: Ceasefire Delayed As Netanyahu Demands For Hostage List From Hamas