കാനഡയിൽ സൈനിക താവളത്തിൽ വൻ തീപ്പിടിത്തം; മരണം, നിരവധിപേർക്ക് പരിക്കേറ്റതായും സ്ഥിരീകരണം

ആൽബർട്ട: കാനഡയിലെ ആൽബർട്ട പ്രവിശ്യയിലുള്ള 'കനേഡിയൻ ഫോഴ്സസ് ബേസ് വെയ്ൻറൈറ്റ്' സൈനിക താവളത്തിൽ വൻ തീപ്പിടിത്തം. അപകടത്തിൽ ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണങ്ങളോ മരണസംഖ്യയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആൽബർട്ടയിലെ എഡ്മന്റണിൽനിന്ന് ഏകദേശം 180 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സൈനിക താവളമാണിത്. കനേഡിയൻ മനോവർ ട്രെയിനിങ് സെന്റർ, തേർഡ് കനേഡിയൻ ഡിവിഷൻ ട്രെയിനിങ് സെന്റർ എന്നിവയും ഈ കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. സൈനികർക്ക് യുദ്ധപരിശീലനവും അഭ്യാസങ്ങളും നൽകുന്ന കാനഡയിലെ തിരക്കേറിയ സൈനിക പരിശീലന താവളങ്ങളിലൊന്നാണിത്.
ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാൽ തീ വേഗത്തിൽ പടരുകയും സൈനിക താവളത്തിന്റെ അതിർത്തി കടന്ന് പുറത്തേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കനേഡിയൻ സൈന്യവും ഫെഡറൽ, പ്രൊവിൻഷ്യൽ, പ്രാദേശിക ഭരണകൂടങ്ങളും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ദുരന്തത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തും അനുശോചനം രേഖപ്പെടുത്തി. കാനഡയിൽനിന്ന് ആൽബർട്ട പ്രവിശ്യ വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയാണ് ദുരന്തം ഉണ്ടായിരിക്കുന്നത്.
Content Highlights: A massive fire broke out at the Canadian Forces Base Wainwright in Alberta., Defence Minister David McGuinty confirmed casualties and injuries., RCMP is leading the ongoing investigation into the incident., Strong winds caused the fire to spread beyond the base perimeter., Prime Minister Mark Carney and Premier Danielle Smith expressed condolences.