കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത; രണ്ട് ലക്ഷം പുതിയ പി.ആർ. സ്ലോട്ടുകൾ പ്രഖ്യാപിച്ചു

#ന്യൂസ് ഡെസ്ക്
കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി | Photo - AP
കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി | Photo - AP

ഒട്ടാവ: 2027-ൽ രണ്ടുലക്ഷം പേർക്കുകൂടി സ്ഥിരതാമസാനുമതി (പിആർ) നൽകാൻ ഒരുങ്ങി കാനഡ. 2027-ലെ 'ടെമ്പററി റസിഡന്റ് ടു പെർമനന്റ് റസിഡന്റ്' മാറ്റങ്ങളുടെ ഭാഗമായാണ് താൽക്കാലിക താമസക്കാർക്ക് സ്ഥിരതാമസം അനുവദിക്കുന്നത്. ഇവയെ ഒരുലക്ഷം വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് വിഭജിച്ചിരിക്കുന്നത്.

അനുവദിച്ചതിൽ ഒരുലക്ഷം സ്ഥിരതാമസാനുമതി ഉൾപ്പെടുന്ന ഒന്നാമത്തെ ഗ്രൂപ്പ് സാമ്പത്തിക വിഭാഗത്തിലെ അപേക്ഷകർക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) വഴി സ്ഥിരതാമസത്തിന് യോഗ്യതനേടുന്ന തൊഴിലാളികളും ചില സാമ്പത്തിക കുടിയേറ്റ പദ്ധതികൾക്ക് കീഴിൽ അപേക്ഷ നൽകി തീരുമാനത്തിനായി കാത്തിരിക്കുന്ന വിദേശികളും ഇതിൽ ഉൾപ്പെടുന്നു.

സ്റ്റാർട്ട്-അപ്പ് വിസ പ്രോഗ്രാം, സെൽഫ് എംപ്ലോയ്ഡ് പേഴ്‌സൺസ് പ്രോഗ്രാം, ആഗ്രി-ഫുഡ് പൈലറ്റ്, ഹോംകെയർ വർക്കേഴ്സ് പദ്ധതികൾ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതുകൂടാതെ യോഗ്യതയുള്ള മറ്റ് ചില സാമ്പത്തിക പദ്ധതികളിലെ അപേക്ഷകരെയും പരിഗണിച്ചേക്കാം.

ശേഷിക്കുന്ന ഒരുലക്ഷം സ്ഥിരതാമസാനുമതി ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിൽ മറ്റ് ചില പ്രത്യേക വിഭാഗങ്ങളാണ് ഉൾപ്പെടുന്നത്. ഹോങ്കോങ് പൗരന്മാർക്കായുള്ള കുടിയേറ്റ പദ്ധതികളിലെ ബാക്കി അപേക്ഷകൾ, കാനഡയിൽ കുടുംബാംഗങ്ങളുള്ള ഉക്രൈൻ പൗരന്മാർക്കായുള്ള പദ്ധതി എന്നിവ ഇതിലുണ്ട്. കൂടാതെ, മാനുഷിക-കാരുണ്യ പരിഗണനകളിൽ തത്ത്വത്തിൽ അംഗീകാരം ലഭിച്ച അപേക്ഷകർക്കും കനേഡിയൻ പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും പങ്കാളികൾ, കുട്ടികൾ എന്നിവരുടെ ചില അപേക്ഷകൾക്കും ഈ ഗ്രൂപ്പിലൂടെ അവസരം ലഭിക്കും.

ഈ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായി യോഗ്യരായ വിദേശ പൗരന്മാർ പ്രത്യേകം അപേക്ഷ സമർപ്പിക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2027-ലേക്കായി കാനഡ ലക്ഷ്യമിടുന്ന പതിവ് വാർഷിക സ്ഥിരതാമസക്കാരുടെ എണ്ണമായ 3,80,000-ന് പുറമെയാണ് ഈ 2,00,000 അധിക ഇടങ്ങൾ നൽകുന്നത്. ഇതോടെ, 2027-ൽ കാനഡയിൽ സ്ഥിരതാമസാനുമതി ലഭിക്കുന്ന ആകെ ആളുകളുടെ എണ്ണം 5,80,000 വരെയായി ഉയർന്നേക്കാം.

Content Highlights: Canada has announced plans to grant permanent residency to an additional 200,000 temporary residents in 2027 through economic and special humanitarian categories.