ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ഥന ഇന്ത്യക്ക് നിരസിക്കാനാകുമോ, എന്താകും നിലപാട്?

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ നിലവിലുണ്ടെങ്കിലും ബംഗ്ലാദേശിന്റെ ആവശ്യം പരിഗണിച്ച് ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറുമോ? കഴിഞ്ഞവര്‍ഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീനയ്ക്കെതിരേ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) കഴിഞ്ഞദിവസം വധശിക്ഷ വിധിച്ചത്. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിന് പിന്നാലെ ഹസീന, ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. ഷെയ്ഖ് ഹസീനയെ അടിയന്തരമായി വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് ഇന്നലെതന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വിഷത്തിൽ ഇന്ത്യ തിങ്കളാഴ്ച തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു നീതിന്യായപരവും നിയമപരവുമായ പ്രക്രിയയാണ്. അതിന് ഇരു രാജ്യത്തെയും സര്‍ക്കാരുകള്‍ തമ്മില്‍ ആശയവിനിമയും കൂടിക്കാഴ്ചകളും ആവശ്യമാണ്. വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തങ്ങളുള്ളതെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചു.
സദുദ്ദേശം, നീതി നടപ്പാക്കല്‍ എന്നിവയിലൂന്നിയുള്ളവയാണ് കുറ്റവാളി കൈമാറ്റക്കരാറെങ്കിലും അഭ്യര്‍ഥന രാഷ്ട്രീയപ്രേരിതമോ നീതിരഹിതമോ ആണെന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് വിവേചനാധികാരം പ്രയോഗിക്കാന്‍ സാധിക്കും. 1962-ലെ ഇന്ത്യന്‍ കുറ്റവാളി കെെമാറ്റ നിയമവും നയതന്ത്ര കരാറും ഈ സാധ്യത ന്യൂഡൽഹിക്ക് നല്‍കുന്നുവെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.
ഇന്ത്യയുടെ 1962-ലെ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം, സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ എതിര്‍ രാജ്യത്തിന്റെ അഭ്യര്‍ഥന നിരസിക്കാനോ നടപടികള്‍ മരവിപ്പിക്കാനോ ആവശ്യപ്പെട്ട വ്യക്തിയെ കൈമാറാനോ സാധിക്കും. കുറ്റവാളിയെ കൈമാറാനുള്ള അഭ്യര്‍ഥന ഇന്ത്യക്ക് നിരസിക്കാനുള്ള വ്യവസ്ഥയേക്കുറിച്ച് നിയമത്തിലെ 29-ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്:
1. അഭ്യര്‍ഥന നിസ്സാരമാണെന്നോ അല്ലെങ്കില്‍ സദുദ്ദേശപരമല്ലെന്നോ ബോധ്യപ്പെട്ടാല്‍
2. രാഷ്ട്രീയ പ്രേരിതമാണെന്ന് ബോധ്യപ്പെട്ടാല്‍
3. നീതിപൂര്‍വമല്ലെന്ന് ബോധ്യപ്പെട്ടാല്‍
-ഈ മൂന്ന് സാഹചര്യങ്ങളിൽ കൈമാറ്റത്തിനുള്ള അഭ്യര്‍ഥന നിരസിക്കാം. മാത്രമല്ല, നടപടിക്രമങ്ങള്‍ ഏത് സമയത്തുവേണമെങ്കിലും മരവിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് കഴിയും. കുറ്റവാളി കൈമാറ്റം വിലക്കാനും നിയമത്തിലെ 31-ാം വകുപ്പുപ്രകാരം വ്യവസ്ഥയുണ്ട്. ആരോപിക്കപ്പെട്ട കുറ്റം രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നോ, രാഷ്ട്രീയമായ ഒരു കുറ്റത്തിന് വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നോ ആരോപണവിധേയനായ വ്യക്തി തെളിയിച്ചാല്‍ കൈമാറ്റം വിലക്കാന്‍ സാധിക്കും. നിയമത്തിലെ 31(സി)വകുപ്പും കുറ്റവാളി കൈമാറ്റത്തില്‍ ഇന്ത്യക്ക് വിവേചനാധികാരം നല്‍കുന്നതാണ്.
രാഷ്ട്രീയകാരണങ്ങളെ മുന്‍നിര്‍ത്തിയാണ് കൈമാറ്റം ആവശ്യപ്പെടുന്നതെങ്കില്‍ അത് നിരസിക്കാമെന്ന് ഇന്ത്യ-ബംഗ്ലാദേശ് കുറ്റവാളി കൈമാറ്റ കരാറും വ്യക്തമാക്കുന്നുണ്ട്. അതേസമയം, കൊലപാതകം, ഭീകരവാദം, സ്‌ഫോടനങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളെ രാഷ്ട്രീയകുറ്റകൃത്യമായി കണക്കാക്കാനാകില്ല. ഈ വ്യവസ്ഥയാകും ബംഗ്ലാദേശിന്റെ അഭ്യര്‍ഥന പരിഗണിക്കുമ്പോള്‍ പരിശോധിക്കപ്പെടാന്‍ ഏറെ സാധ്യത. കുറ്റവാളിയെ കൈമാറുന്നതിന് പകരം, ആരോപിക്കപ്പെട്ട കുറ്റത്തിന് ഇന്ത്യക്ക് വിചാരണ ചെയ്യാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇക്കാര്യം ചൂണ്ടി കൈമാറ്റം നിരസിക്കാനുമാകും. കൈമാറ്റം സദുദ്ദേശപരമല്ലെന്നും നീതിപൂര്‍വകമല്ലെന്നും ആരോപണവിധേയനായ വ്യക്തി തെളിയിച്ചാലും കൈമാറ്റ നടപടി നിരസിക്കാം.
2024-ൽ ബംഗ്ലാദേശ് സർക്കാരിനെതിരേ നടന്ന പ്രക്ഷോഭം അതിക്രൂരമായി അടിച്ചമർത്താൻ ഉത്തരവിട്ടതിന്റെ ബുദ്ധികേന്ദ്രവും മുഖ്യ ആസൂത്രകയും ഹസീനയാണെന്ന് സംശയാതീതമായി തെളിഞ്ഞതായി ഐസിടിയുടെ വിധിന്യായത്തിൽ പറയുന്നുണ്ട്.
Content Highlights: can india refuse sheikh hasina extradition to bangladesh