ശൈശവ വിവാഹം നിരോധിച്ച് കാലിഫോർണിയ; അമേരിക്കയിലെ 32 സംസ്ഥാനങ്ങളിൽ കുട്ടിക്കല്യാണം ഇപ്പോഴും നിയമപരം

സാക്രമെന്റോ (കാലിഫോർണിയ): യുഎസ് സംസ്ഥാനമായ കാലിഫോർണിയയിൽ ശൈശവ വിവാഹം നിരോധിക്കുന്ന ബില്ലിൽ (എ.ബി 1267) ഗവർണർ ഗാവിൻ ന്യൂസം ഒപ്പുവച്ചു. അടുത്ത ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം കാലിഫോർണിയയിൽ വിവാഹം കഴിക്കാനും വിവാഹിതരാകാതെ പരസ്പര സമ്മതത്തോടെ ഒന്നിച്ചുതാമസിക്കാനുമുള്ള കുറഞ്ഞ പ്രായം 18 വയസാകും. അതേസമയം നിയമം ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടിയാണ് ഉണ്ടാവുക എന്ന് വ്യക്തമല്ല.
ശൈശവ വിവാഹം നിരോധിക്കാൻ കാലിഫോർണിയ വളരെ വൈകിപ്പോയെന്ന് ബില്ലിൽ ഒപ്പുവെച്ചുകൊണ്ട് ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ കുട്ടികളെ സംരക്ഷിക്കാനുള്ള നടപടിയാണ് ഇതെന്നും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ശൈശവ വിവാഹം നിരോധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടി കോർട്ട്നി സ്റ്റോഡന്റെ സാന്നിധ്യത്തിലാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ചത്. ശൈശവ വിവാഹത്തിന്റെ അതിജീവിത എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കോർട്ട്‌നി, തന്റെ 16-ാം വയസിലാണ് 50 വയസുള്ള ഹോളിവുഡ് നടനെ വിവാഹം ചെയ്തത്. ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിനായി വർഷങ്ങളായി പ്രവർത്തിക്കുന്ന ആൾ കൂടിയാണ് അവർ. കുട്ടികളെ വിവാഹത്തിൽനിന്ന് സംരക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അവർ പറഞ്ഞു.
കാലിഫോർണിയയിൽ ഇതുവരെ വിവാഹത്തിന് നിയമപരമായ കുറഞ്ഞ പ്രായം ഉണ്ടായിരുന്നില്ല. മാതാപിതാക്കളുടെ സമ്മതവും ജഡ്ജിയുടെ അനുമതിയും ഉണ്ടായാൽ കുട്ടികൾക്ക് വിവാഹം കഴിക്കാമായിരുന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് വിവാഹമോചനം നേടുന്നതിനുള്ള സംവിധാനവും സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അതിക്രമം നേരിട്ട പെൺകുട്ടികളാണ് പലപ്പോഴും വിവാഹക്കുരുക്കിൽ പെടുന്നത്.
ശൈശവ വിവാഹത്തിന്റെ മറ്റൊരു ഇരയായ ബ്രിട്ടനി ബീയും പുതിയ നിയമത്തെ സ്വാഗതം ചെയ്തു. കുട്ടികൾക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് ബീ പറഞ്ഞത്. 17-ാം വയസ്സിലാണ് ബീ വിവാഹിതയായത്. വീട്ടിൽനിന്ന് തന്നെ ലൈംഗികാതിക്രമം നേരിടുകയും പിന്നീട് 17-ാം വയസിൽ പ്രായമേറിയ ആളെ വിവാഹം ചെയ്യുകയും ചെയ്തയാളാണ് ബ്രിട്ടനി. വിവാഹശേഷം ഭർത്താവിൽനിന്നും ഉപദ്രവം നേരിട്ടുവെന്ന് ബ്രിട്ടനി പറഞ്ഞു. ഒരു തടവറയിൽനിന്ന് മറ്റൊരു തടവറയിലേക്കുള്ള യാത്ര പോലെയായിരുന്നു അതെന്നും അവർ പറയുന്നു.
ശൈശവ വിവാഹം നിരോധിക്കുന്ന 18-ാമത്തെ അമേരിക്കൻ സംസ്ഥാനമാണ് കാലിഫോർണിയ. അതേസമയം യുഎസിലെ 32 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഇത് നിയമവിധേയമാണ്. 2018 വരെ യുഎസ്സിലെ എല്ലാ സംസ്ഥാനങ്ങളിലും ശൈശവ വിവാഹം നിയമപരമായിരുന്നു. ഡെലവെയർ ആണ് ആദ്യമായി ശൈശവ വിവാഹം നിയമപരമായി നിരോധിക്കുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ന്യൂജേഴ്സി, പെൻസിൽവാനിയ, മിനസോട്ട, റോഡ് ഐലൻഡ്, ന്യൂയോർക്ക്, മസാച്യുസെറ്റ്‌സ്, വെർമോണ്ട്, കണക്റ്റിക്കട്ട്, മിഷിഗൺ, വാഷിങ്ടൺ, വിർജീനിയ, ന്യൂ ഹാംപ്ഷയർ, മെയ്ൻ, മിസോറി, ഒറിഗൺ, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങളും ശൈശവ വിവാഹം നിരോധിച്ചു.
Content Highlights: California Governor Gavin Newsom signed bill AB 1267, making California the 18th US state to ban child marriage and setting the minimum legal age at 18, while 32 other US states still permit the practice.