ബ്രിട്ടീഷ് യുദ്ധവിമാനങ്ങളുടെ ടർബൈൻ എൻജിനുകളിൽ ചുവന്ന പെയിന്റടിച്ച് പലസ്തീൻ അനുകൂലികൾ

വിമാനങ്ങൾക്ക് പ്രതിഷേധക്കാർ ചുവന്ന പെയിന്റ് അടിക്കുന്നു | Photo: https://x.com/MaimunkaNews
വിമാനങ്ങൾക്ക് പ്രതിഷേധക്കാർ ചുവന്ന പെയിന്റ് അടിക്കുന്നു | Photo: https://x.com/MaimunkaNews

ലണ്ടൻ: ബ്രിട്ടീഷ് വ്യോമസേനയായ റോയൽ എയർഫോഴ്സിന്റെ (ആർഎഎഫ്) ബ്രൈസ് നോർട്ടണിലെ താവളത്തിൽ അതിക്രമിച്ചുകടന്ന് രണ്ടു വോയേജർ ടാങ്കർവിമാനങ്ങളുടെ ടർബൈൻ എൻജിനുകളിൽ ചുവന്ന പെയിന്റ്‌ പൂശി പലസ്തീൻ അനുകൂലികൾ. ബുധനാഴ്ചനടന്ന സംഭവത്തിലെ പ്രതികളെ തിരയുകയാണെന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു. പലസ്തീൻ ആക്‌ഷൻ എന്ന സംഘടനയിലെ അംഗങ്ങളാണിവർ.

ആകാശത്തുവെച്ചുതന്നെ യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനുപയോഗിക്കുന്ന ജെറ്റുകളാണ് വോയേജർ. സംഭവം ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.

ഇസ്രയേൽ സർക്കാരിനെ പരസ്യമായി അപലപിക്കുമ്പോഴും ഗാസയിലേക്ക് ചാരവിമാനം അയക്കുകയും യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട് ബ്രിട്ടനെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഇതുവഴി ഗാസയിലെ വംശഹത്യയിലും പശ്ചിമേഷ്യയിലെ യുദ്ധകുറ്റകൃത്യങ്ങളിലും ബ്രിട്ടൻ സജീവപങ്കാളിയാണെന്നും ആരോപിച്ചു.

Content Highlights: British Police Investigate RAF Base Attack