ട്രംപിന്റെ പിന്തുണ മുഴുവൻ പുതിന്; ഇക്കാരണത്താലാണ് താൻ രാജിവെച്ചതെന്ന് മുൻ യുഎസ് അംബാസഡർ

#ന്യൂസ് ഡെസ്‌ക്
ഡൊണാൾഡ് ട്രംപ്, വ്ലാദിമിർ പുതിൻ | File Photo: AFP
ഡൊണാൾഡ് ട്രംപ്, വ്ലാദിമിർ പുതിൻ | File Photo: AFP

കീവ് (യുക്രൈൻ): യുക്രൈനേക്കാൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെ പിന്തുണച്ചതിനാലാണ് താൻ രാജിവെച്ചതെന്ന വെളിപ്പെടുത്തലുമായി യുക്രൈനിലെ മുൻ യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക്. തന്റെ പിൻഗാമിയായ ജൂലി ഡേവിസിന്റെ വിടവാങ്ങലിനെക്കുറിച്ചുള്ള ഒരു എക്സ് പോസ്റ്റിനോട് പ്രതികരിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ബ്രിങ്കിന്റെ വെളിപ്പെടുത്തൽ. 'ഏകാധിപതികളുടെ പക്ഷം പിടിക്കുന്നത് ഞങ്ങളുടെ രീതിയല്ല' എന്ന് രാജിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കവെ അവർ പറഞ്ഞു.

2022 മുതൽ 2025 വരെയാണ് ബ്രിങ്ക് കീവിൽ യുഎസിനെ പ്രതിനിധീകരിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ യുക്രൈൻ നയത്തോടുള്ള വിയോജിപ്പ് കാരണം 2025 മേയ് മാസത്തിലാണ് അവർ രാജിവെച്ചത്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് അവർ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിലവിൽ മിഷിഗണിലെ ഏഴാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രിങ്കിന് ശേഷം യുഎസ് അംബാസഡറായി ചുമതലയേറ്റ ജൂലി ഡേവിസും ഒരു വർഷം തികയുന്നതിന് മുൻപേ സ്ഥാനം ഒഴിയുകയാണ്. യുക്രൈനോടുള്ള അമേരിക്കയുടെ പിന്തുണ കുറയുന്നതിലെ അതൃപ്തിയാണ് ഇതിന് കാരണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇത് നിഷേധിച്ചു. ഡേവിസ് ഈ വർഷം അവസാനം ഔദ്യോഗികമായി വിരമിക്കുമെന്നാണ് വിവരം.

റഷ്യ - യുക്രൈൻ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നെങ്കിലും ട്രംപിന്റെ രണ്ടാം ഊഴം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും യുദ്ധം തുടരുകയാണ്. നിലവിൽ ഇറാനുമായുള്ള യുഎസ് സംഘർഷങ്ങൾ കാരണം അമേരിക്കയുടെ ശ്രദ്ധ യുക്രൈനിൽ നിന്ന് മാറുകയാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും അഭിപ്രായപ്പെട്ടു.

Content Highlights: Bridget Brink resigned in May 2025 citing disagreement with Trump's pro-Putin stance., Brink is transitioning from diplomacy to politics in Michigan's 7th Congressional District., Julie Davis, Brink's successor, is also stepping down within a year of her appointment., Ongoing war in Ukraine continues despite Trump's campaign promises to end it quickly.