രാഹുലിന്റെ H ബോംബ്: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബ്രസീലിയന്‍ യുവതിയുടെ ചിത്രം പങ്കുവെച്ച ഫോട്ടോഗ്രാഫര്‍

രാഹുലിന്റെ വാർത്താസമ്മേളനത്തിൽനിന്ന്, പിന്നിൽ ലാറിയുടെ ചിത്രം | Photo: PTI
രാഹുലിന്റെ വാർത്താസമ്മേളനത്തിൽനിന്ന്, പിന്നിൽ ലാറിയുടെ ചിത്രം | Photo: PTI

ബ്രസീലിയ: 2024 ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടന്നെന്നാരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിന് പിന്നാലെ ഫോട്ടോഗ്രാഫര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബ്രസീലിയന്‍ നഗരമായ ബെലോ ഹൊറിസോണ്ട സ്വദേശിയായ മാത്യൂസ് ഫെറേറോയ്ക്കാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവന്നത്.

ഒരു ബ്രസീലിയന്‍ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജരേഖകൾ സൃഷ്ടിക്കപ്പെട്ടുവെന്നും അതുപയോഗിച്ച് ഹരിയാണ തിരഞ്ഞെടുപ്പിൽ വോട്ടുകള്‍ രേഖപ്പെടുത്തിയെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. ലാറിസ നെറി എന്ന യുവതിയുടെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം.

2017-ലാണ് ലാറിസയുടെ ചിത്രം ഫെറേറോ പകര്‍ത്തിയതും അവരുടെ അനുമതിയോടെ അണ്‍സ്പ്ലാഷ്, പെക്‌സെല്‍സ് പോലുള്ള സ്‌റ്റോക്ക് ഫോട്ടോഗ്രഫി വെബ്‌സൈറ്റുകള്‍ക്ക് നല്‍കിയതും. രാഹുലിന്റെ വാര്‍ത്താസമ്മേളനത്തില്‍ മാത്യൂസ് ഫെറേറോയുടെ പേര് പരാമര്‍ശിക്കപ്പെടുകയും അത് വൈറലാവുകയും ചെയ്തതോടെയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.

ഇതുവരെ വിവിധ വെബ്‌സൈറ്റുകളിനിന്നായി നാലുലക്ഷം തവണ ഫെറോറ എടുത്ത ലാറിസയുടെ ചിത്രം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പലരും യുവതിയുടെ പേരാണ് മാത്യൂസ് ഫെറേറോ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു.

രാഹുലിന്റെ ആരോപണത്തിന് പിന്നാലെ ലക്ഷക്കണക്കിനാളുകള്‍ സാമൂഹികമാധ്യമത്തില്‍ മാത്യൂസ് ഫെറോറേയെ തിരഞ്ഞിറങ്ങി. ഇതോടെയാണ് ഫെറേറോയ്ക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവന്നത്. ‘ശരിക്കും അവര്‍ എന്റെ എല്ലാ അക്കൗണ്ടുകളും ഹാക്ക് ചെയ്യുകയായിരുന്നു. അപരിചിതരായ അനവധിയാളുകള്‍ പലതും പറയുന്നുണ്ടായിരുന്നു’, ബ്രസീലിയന്‍ വാര്‍ത്താ ഏജന്‍സിയായ എയോസ് ഫാറ്റോസിനോട് ഫെറേറോ പറഞ്ഞു.

അതേസമയം, തന്റെ ചിത്രം തിരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ലാറിസ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ പുറത്തുവിട്ട രേഖകളിലുള്ളത് തന്റെ പഴയ ചിത്രമാണെന്നും ഇന്ത്യന്‍ രാഷ്ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

Content Highlights: brazilian photographer deletes instagram account after rahul press meet on haryana vote theft allegation press meet