ബോറിസ് ജോൺസൺ സഞ്ചരിച്ച ട്രെയിനിന് സമീപം റഷ്യൻ ഡ്രോൺ ആക്രമണം; ഒഴിവായത് വൻ ദുരന്തം

കീവ്: കീവിലിലെ സുരക്ഷാ യോഗം പൂർത്തിയാക്കി പോളണ്ടിലേക്ക് മടങ്ങുകയായിരുന്ന ബ്രിട്ടൻ്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സഞ്ചരിച്ച ട്രെയിനിന് സമീപം റഷ്യൻ ഡ്രോൺ ആക്രമണം. സുരക്ഷാ അലേർട്ടിനെ തുടർന്ന് ബോറിസ് ജോൺസണും മറ്റ് പ്രമുഖ അന്താരാഷ്ട്ര നേതാക്കളും സഞ്ചരിച്ച ട്രെയിൻ അടിയന്തരമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക അറിയിപ്പ്.
ബോറിസ് ജോൺസണ് പുറമെ സ്വീഡൻ മുൻ പ്രധാനമന്ത്രി കാർ എൽഡ് ബിൽഡ്, സി.ഐ.എ മുൻ മേധാവി ഡേവിഡ് പെട്രേയസ്, ജർമ്മൻ ചാൻസലറുടെ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ള ഉന്നത യൂറോപ്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ടായിരുന്നു. യുക്രൈൻ-പോളണ്ട് അതിർത്തിയിലെ യാഹോഡിൻ സ്റ്റേഷനിൽ വെച്ചാണ് സംഭവം.
നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിൻ അപകടസാധ്യത മുൻനിർത്തി ഷെഡ്യൂളിൽ മാറ്റം വരുത്തി നേരത്തെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ അതേ പാതയിലൂടെ വന്ന മറ്റൊരു പാസഞ്ചർ ട്രെയിനിനും ലോക്കോമോട്ടീവിനും നേരെ റഷ്യൻ ഡ്രോൺ പതിക്കുകയായിരുന്നു. നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിനിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് യുക്രൈൻ റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.
സമയം വൈകാതെ ട്രെയിൻ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനായത് വൻ ദുരന്തം ഒഴിവാക്കി. സാധാരണ ജനങ്ങളും റെയിൽവേ ജീവനക്കാരും ദിവസേന ഇത്തരം യാദൃശ്ചികവും വിവേചനരഹിതവുമായ ആക്രമണങ്ങളാണ് യുക്രൈനിൽ നേരിടുന്നതെന്ന് സംഭവത്തിന് ശേഷം ബോറിസ് ജോൺസൺ പ്രതികരിച്ചു. യുക്രൈന് ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്രയും പെട്ടെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാറ്റോ അതിർത്തിക്ക് തൊട്ടടുത്തുള്ള ഈ ആക്രമണം യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Content Highlights: Former UK PM Boris Johnson's train was targeted by a Russian drone near the Ukraine-Poland border., International diplomats, including former Swedish PM Carl Bildt and ex-CIA chief David Petraeus, were on the trip., No casualties reported as the train was evacuated following a security alert., Boris Johnson called for urgent Western air defense systems for Ukraine.