1.91 ലക്ഷം കോടി രൂപയുടെ കരാർ; യുഎസ് നാവികസേനയ്ക്കായി ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാൻ ബോയിങ്

വാഷിങ്ടൺ: ആറാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം വികസിപ്പിക്കാൻ പ്രമുഖ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന് കരാർ നൽകി അമേരിക്കൻ നാവികസേന. 2,000 കോടി ഡോളറിന്റെ (ഇന്നത്തെ നിരക്ക് പ്രകാരം 1.91 ലക്ഷം കോടി രൂപ) കരാറിനാണ് പെന്റഗൺ അനുമതി നൽകിയത്. എഫ്/എ-എക്‌സ്എക്‌സ് എന്നാണ് ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന പദ്ധതിയുടെ പേര്.
കരാർ ലഭിച്ചതോടെ എഫ്/എ-എക്‌സ്എക്‌സിന്റെ പൂർണതോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ബോയിങ്ങാണ് നേതൃത്വം നൽകുക. പരീക്ഷണ വിമാനങ്ങളുടെ നിർമാണം, ഭൂതല പരീക്ഷണം, പറക്കാനുള്ള യോഗ്യതാ പരിശോധന, ആയുധങ്ങൾ സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
നിലവിലെ എഫ്/എ-18ഇ, എഫ്/എ-18എഫ് എന്നീ സൂപ്പർ ഹോർനെറ്റ് വിമാനങ്ങൾക്ക് പകരമായാണ് എഫ്/എ-എക്‌സ്എക്‌സ് എത്തുന്നത്. കൂടാതെ ഇഎ-18ജി ഗ്രൗളർ വിമാനങ്ങളുടെ സ്ഥാനവും ആറാം തലമുറ വിമാനങ്ങൾ ഏറ്റെടുക്കും. വിമാനവാഹിനി കപ്പലുകളിൽനിന്നും പ്രവർത്തിക്കാൻ കഴിയുമെന്നതാണ് എഫ്/എ-എക്‌സ്എക്‌സിന്റെ പ്രധാന സവിശേഷത. കൂടാതെ നിലവിലുള്ള എഫ്-35സി വിമാനങ്ങൾക്കൊപ്പവും ആളില്ലാ വിമാനങ്ങൾക്കൊപ്പവും ചേർന്ന് പ്രവർത്തിക്കാനും ആറാം തലമുറ യുദ്ധവിമാനങ്ങൾക്ക് കഴിയും. 2030-ന് ശേഷമാകും പുതിയ പോർവിമാനങ്ങൾ യുഎസ് നാവികസേനയുടെ ഭാഗമാകുക.
പ്രമുഖ യുഎസ് പ്രതിരോധ-വ്യോമയാന കമ്പനിയായ നോർത്ത്റോപ് ഗ്രമ്മനെ മറികടന്നാണ് ബോയിങ് ആറാം തലമുറ പോർവിമാനങ്ങളുടെ കരാർ നേടിയത്. മറ്റൊരു കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനും കരാറിനായി മത്സരിച്ചിരുന്നു. യുഎസ് വ്യോമസേനയുടെ ആറാം തലമുറ യുദ്ധവിമാനമായ എഫ്-47 വികസിപ്പിക്കാനുള്ള കരാറും നേരത്തേ ബോയിങ്ങിന് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം മാർച്ചിലാണ് എഫ്-47 പദ്ധതിക്കായി ബോയിങ്ങിനെ തിരഞ്ഞെടുത്തത്. എഫ്-22 റാപ്റ്ററിന്റെ പിൻഗാമിയായ അടുത്ത തലമുറ യുദ്ധവിമാനമാണ് എഫ്-47.
അതേസമയം, എഫ്/എ-എക്‌സ്എക്‌സ് പദ്ധതിക്ക് മുന്നിൽ സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. കരാർ ലഭിച്ചെങ്കിലും ഭാവിയിലെ വൻതോതിലുള്ള ഉത്പാദനത്തിനുള്ള മുഴുവൻ ധനസഹായവും ബോയിങ്ങിന് ലഭിക്കുമെന്ന് ഉറപ്പായിട്ടില്ല. നാവികസേനയുടെ ബജറ്റ് എങ്ങനെയായിരിക്കുമെന്നതാണ് ഇക്കാര്യത്തിൽ നിർണായകമാവുക.
ബോയിങ്ങിന്റെ പ്രതിരോധ വിഭാഗം കഴിഞ്ഞവർഷം കനത്ത പ്രവർത്തനനഷ്ടമാണ് നേരിട്ടത്. അതിനാൽത്തന്നെ പുതിയ കരാർ കമ്പനിയെ സംബന്ധിച്ച് നിർണായകമാണ്. എഫ്/എ-എക്‌സ്എക്‌സ്, എഫ്-47 പദ്ധതികൾ ഒരേസമയം മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷി ബോയിങ്ങിനുണ്ടോ എന്നതാണ് ഇപ്പോൾ പലരും ഉറ്റുനോക്കുന്നത്.
Content Highlights: The US Navy awarded a $20 billion contract to Boeing to lead the full-scale development of the F/A-XX 6th-generation stealth fighter jet. Designed to operate from aircraft carriers, it will replace F/A-18 Super Hornets after 2030.