ചാവേറായി യുവതി; ബാരിക്കേഡിനടുത്തുവെച്ച് പൊട്ടിത്തെറിച്ച് 6 പാക് സൈനികരെ വധിച്ചു; ചിത്രം പുറത്തുവിട്ട് BLF

കറാച്ചി: വനിതാ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) നടത്തിയ ആക്രമണത്തില്‍ ആറ് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇതാദ്യമായാണ് ബിഎല്‍എഫ് വനിതാ ചാവേറിനെ ആക്രമണത്തിനായി ഉപയോഗിക്കുന്നത്. ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയര്‍ കോര്‍പ്‌സിന്റെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ചെമ്പ്-സ്വര്‍ണ ഖനന പദ്ധതി കേന്ദ്രം പ്രവര്‍ത്തിക്കുന്നതുമായ കെട്ടിടമാണ് ആക്രമിച്ചത്. അതീവ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്.
സറീന റഫീഖ് എന്ന ട്രാംഗ് മഹൂ ആണ് സ്വയം പൊട്ടിത്തെറിച്ചത്. ചാവേറിന്റെ ചിത്രം ബിഎല്‍എഫ് പുറത്തുവിട്ടു. വിമത പോരാളികള്‍ക്ക് പ്രധാന കോമ്പൗണ്ടിലേക്ക് കടക്കാന്‍ വഴിയൊരുക്കുന്നതിനായി ബാരിക്കേഡ് വെച്ച് സറീന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ മേഖലയില്‍ ജാഫര്‍ എക്‌സ്പ്രസ് ഹൈജാക്ക് ഉള്‍പ്പെടെ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയ മറ്റൊരു ബലൂച് ദേശീയവാദ ഗ്രൂപ്പായ ബിഎല്‍എയുടെ അതേ ചാവേര്‍ തന്ത്രം ബിഎല്‍എഫും പ്രയോഗിച്ചു എന്നതിനാല്‍ ഈ സംഭവം പ്രാധാന്യമര്‍ഹിക്കുന്നു.
ബിഎല്‍എഫിന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവരുടെ കൂട്ടമായ 'സാദോ ഓപ്പറേഷന്‍ ബറ്റാലിയനാ'ണ് (എസ്ഒബി) ഈ ഓപ്പറേഷന്‍ നടത്തിയതെന്ന് വക്താവ് ഗ്വാഹ്‌റാം ബലൂച് ടെലിഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ചൈനീസ് കമ്പനികളും ഒരു കനേഡിയന്‍ സ്ഥാപനവും കൈകാര്യം ചെയ്യുന്ന സൈന്‍ഡാക്ക്, റെക്കോ ഡിക് ഖനന പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥാപനമാണ് തകര്‍ത്തത്. ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ ആക്രമിക്കുന്നതിലേക്കുള്ള വിമതരുടെ ചുവടുമാറ്റമായിട്ടാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്.
Content Highlights: BLF Employs Suicide Tactic, Targets High-Value Chinese Assets