ഇന്ത്യയുമായുള്ള ബന്ധം ബംഗ്ലാദേശിന്‍റെ താൽപര്യങ്ങൾ അടിസ്ഥാനമാക്കി മാത്രം- താരിഖ് റഹ്മാൻ

ധാക്ക: ബംഗ്ലാദേശിന്റെ താൽപര്യങ്ങൾക്ക് അധിഷ്ഠിതമായിരിക്കും ഇന്ത്യയുമായുള്ള വിദേശനയമെന്ന് ബിഎൻപി അധ്യക്ഷൻ താരിഖ് റഹ്മാൻ.'ബംഗ്ലാദേശ് ഫസ്റ്റ്' എന്നതാണ് നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് താരിഖ് റഹ്മാൻ തന്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ ബിഎൻപി നേടിയ നിർണായക വിജയത്തിനു ശേഷമുള്ള ആദ്യ അഭിമുഖത്തിലായിരുന്നു താരിഖിന്റെ പ്രതികരണം.
"ബംഗ്ലാദേശിന്റെയും ബംഗ്ലാ ജനതയുടെയും താൽപര്യങ്ങളായിരിക്കും നമ്മുടെ വിദേശനയം നിർവചിക്കുന്നത്. ഞങ്ങൾക്ക് വേണ്ടത് സന്തുലിതമായ ബന്ധങ്ങളാണ്. ഞങ്ങൾ ഞങ്ങളുടെ ബന്ധങ്ങൾ ഒരു രാജ്യത്തേക്ക് മാത്രം പരിമിതപ്പെടുത്തില്ല," താരിഖ് റഹ്മാൻ പറഞ്ഞു. ഇന്ത്യ, ചൈന, പാകിസ്താൻ തുടങ്ങിയ പ്രാദേശിക ശക്തികളുമായി സന്തുലിതമായ ബന്ധം നിലനിർത്തുമെന്നും ഒരു രാജ്യത്തെയും യജമാനരാജ്യമായി കണക്കാക്കില്ലെന്നും ബിഎൻപിനേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ജമാഅത്തിനെക്കാൾ ബിഎൻപി ഒരു ലിബറൽ, ജനാധിപത്യ ഓപ്ഷനായാണ് വിലയിരുത്തപ്പെടുന്നത്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം സമ്മർദ്ദത്തിലാക്കിരുന്നു. ബംഗ്ലാദേശ് ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നോക്കുന്നതിനാൽ, ബിഎൻപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, പ്രധാനമന്ത്രി മോദി എക്സിൽ ഒരു പോസ്റ്റിലൂടെ റഹ്മാനെ അഭിനന്ദിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം, ഇരുനേതാക്കളും ഫോണിൽ സംസാരിക്കുകയും ചെയ്തു. താരിഖ് റഹ്മാന്റെ മാതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ അന്തരിച്ചതിന് ശേഷവും ഇന്ത്യ താരിഖുമായി ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ അയച്ച് അനുശോചനം അറിയിക്കാനും ഖാലിദയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും സർക്കാർ നടപടിയെടുത്തു.
Content Highlights: BNP chief Tarique Rahman outlines Bangladesh`s foreign policy will prioritize national interests, seeking balanced relations with India, China, and Pakistan.