ജമാഅത്തോ ബിഎൻപിയോ? ആരായാലും നിർണായകം; താലിബാനെ മെരുക്കിയ തന്ത്രമെടുക്കുമോ ഇന്ത്യ ബംഗ്ലാദേശിൽ

ധാക്ക: ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിനെ ഏറെ ആകാംഷയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. അയൽരാജ്യവുമായുള്ള ബന്ധം ഏത് രീതിയിലേക്ക് മാറണമെന്നത് ഈ തിരഞ്ഞെടുപ്പ് ഫലമാണ് നിർണയിക്കുക. തീവ്ര യാഥാസ്ഥിതിക സംഘടന എന്നതിൽ നിന്ന് മാറി ഒരു ജനാധിപത്യ പാർട്ടിയിലേക്ക് പരിവർത്തനപ്പെട്ടു എന്ന തോന്നലുണ്ടാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രതിച്ഛായ മാറ്റം ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി അമീർ ഡോ. ഷഫീഖുർ റഹ്‌മാന്റെ നേതൃത്വത്തിൽ പാർട്ടി വലിയൊരു മാറ്റത്തിനാണ് ശ്രമിക്കുന്നത്. പതാകയിൽ നിന്ന് ഇസ്ലാമിക വരികൾ ഒഴിവാക്കിയും ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകിയും പാർട്ടി തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് റഹ്‌മാൻ വ്യക്തമാക്കുമ്പോഴും, പാർട്ടിക്കുള്ളിലെ ചില വിഭാഗങ്ങളും അവരുടെ സഖ്യകക്ഷിയായ വിദ്യാർഥി നാഷണൽ സിറ്റിസൺ പാർട്ടിയും (എൻസിപി) കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകൾ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 'എല്ലാവരോടും സൗഹൃദം, ആരോടും ശത്രുതയില്ല' എന്ന നയമാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്നത്. ഇന്ത്യയുമായി ചർച്ചകളിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും സമാധാനം നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടിയുടെ വിദേശനയ രേഖയിൽ വ്യക്തമാക്കുന്നു.
ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധം ബംഗ്ലാദേശിന്റെ സുരക്ഷയ്ക്കും വളർച്ചയ്ക്കും അനിവാര്യമാണെന്നും പാർട്ടി വ്യക്തമാക്കുന്നു. ഇന്ത്യയുമായി ഇടപഴകുന്നതിൽ തങ്ങൾക്ക് ഘടനാപരമായ എതിർപ്പുകളൊന്നുമില്ലെന്ന് അവർ ഉറപ്പുനൽകുന്നുണ്ട്.
എന്നാൽ, 1971-ലെ വിമോചന യുദ്ധകാലത്ത് പാകിസ്താനെ പിന്തുണച്ച ജമാഅത്തിന്റെ ഭൂതകാലം ഇന്ത്യയെ ജാഗരൂകരാക്കുന്നുണ്ട്. മാത്രമല്ല, പാകിസ്താനിലെ ശക്തികേന്ദ്രങ്ങളുമായി ഇപ്പോഴും ബന്ധം നിലനിർത്തുന്ന ജമാഅത്തിനെ പെട്ടെന്ന് വിശ്വസിക്കാൻ ഇന്ത്യ തയ്യാറായേക്കില്ല. എങ്കിലും, അഫ്ഗാനിസ്ഥാനിലെ താലിബാനുമായും മാലദ്വീപിലെ മുയിസു ഭരണകൂടവുമായും ഇടപെട്ട ഇന്ത്യയുടെ മുൻപരിചയം വെച്ച് ബംഗ്ലാദേശിൽ ആര് അധികാരത്തിൽ വന്നാലും അവരുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറായേക്കും.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണത്തെത്തുടർന്നുള്ള സഹതാപ തരംഗവും താരീഖ് റഹ്‌മാന്റെ തിരിച്ചുവരവും മറ്റൊരു പ്രധാന കക്ഷിയായ
ബിഎൻപിക്ക് കരുത്തേകുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ അച്ചടക്കമില്ലായ്മ അവർക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി അടിത്തട്ടിൽ സ്വാധീനം വർദ്ധിപ്പിച്ച ജമാഅത്ത്, ബിഎൻപിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രാദേശിക നേതാക്കളുടെ ഭാഗത്തുനിന്നുള്ള ഭീഷണികളും പണം തട്ടലും പാർട്ടിയുടെ ജനപിന്തുണ കുറയുന്നതിന് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെയാണ് സ്ഥാനാർഥി നിർണയത്തിലെ പ്രശ്‌നങ്ങളും. തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വിതരണത്തിൽ പാർട്ടിക്കുള്ളിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അർഹരായ പല സ്ഥാനാർത്ഥികളെയും ഒഴിവാക്കിയത് പാർട്ടിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അണികൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പാർട്ടിയുടെ ചുമതല ഏറ്റെടുക്കാൻ താരീഖ് റഹ്‌മാൻ എത്തിയത് വളരെ വൈകിപ്പോയി എന്നൊരു വിലയിരുത്തലുണ്ട്. ഇത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ ബിഎൻപിക്ക് വെല്ലുവിളിയായേക്കാം.
മുൻപ് ബിഎൻപിയുമായി സഖ്യത്തിലായിരുന്നപ്പോൾ തിരഞ്ഞെടുപ്പ് ബൂത്തുകൾ നിയന്ത്രിച്ചിരുന്നത് ജമാഅത്ത് പ്രവർത്തകരായിരുന്നു. എന്നാൽ ഇപ്പോൾ ജമാഅത്ത് സ്വന്തം നിലയിൽ ബൂത്തുകളിൽ കരുത്ത് വർദ്ധിപ്പിക്കുകയും ഗ്രാമീണ മേഖലകളിൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്യുന്നത് ബിഎൻപിയുടെ വോട്ട് ബാങ്കിന് ഭീഷണിയാണ്. അതേസമയം, തീവ്ര യാഥാസഥിക ഭരണത്തെ ഭയപ്പെടുന്ന സ്ത്രീകളും സെക്യുലർ വോട്ടർമാരും ബിഎൻപിക്ക് അനുകൂലമായി നിലകൊള്ളാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുള്ള അവാമി ലീഗിന് കിട്ടിയിരുന്ന വോട്ടുകൾ ആർക്ക് പോകുമെന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം. ന്യൂനപക്ഷ, മതേതര വോട്ടുകൾ അവാമി ലീഗിന് കിട്ടിയിരുന്നു. ഈ വോട്ടുകൾ ബിഎൻപിയിലേക്ക് എങ്ങനെയെത്തും എന്നതും നിർണായകമാണ്.
Content Highlights: India closely monitors Bangladesh`s general election, focusing on Jemaat-e-Islami`s image transformation and its impact on India-Bangladesh relations.