ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ; ലോകമെമ്പാടും ആഘോഷത്തിന് ആഹ്വാനംചെയ്തു

#ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: ഓഗസ്റ്റ് 11 ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ. പാകിസ്താനിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷം, തിങ്കളാഴ്ചയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഈ പ്രഖ്യാപനം ഉണ്ടായത്. ലോകമെമ്പാടും ആഘോഷങ്ങൾ നടത്താനും പ്രസ്താവനയിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

ബലൂച് ജനതയോട് ദേശീയ ഐക്യത്തോടെ ഈ ദിനം ആചരിക്കാൻ റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ എക്‌സിലൂടെ പങ്കുവെച്ച പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്വതന്ത്രവും പരമാധികാരവുമുള്ള ബലൂചിസ്ഥാനെ അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയ ചരിത്രപരമായ ദിനത്തിന്റെ ഓർമ്മ പുതുക്കാനാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് ബലൂച് നേതാക്കൾ വ്യക്തമാക്കുന്നു.

'ബലൂച് ജനത സ്വതന്ത്ര ബലൂചിസ്ഥാന്റെ ദേശീയ പതാക തങ്ങളുടെ വീടുകൾ, അയൽപക്കങ്ങൾ, കമ്പോളങ്ങൾ, കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉയർത്തണം.' ലോകമെമ്പാടുമുള്ള ആഘോഷങ്ങൾക്കുള്ള ആഹ്വാനചെയ്തുകൊണ്ട് ബലൂച് വിമോചന നേതാവ് മിർ യാർ ബലൂച് പറഞ്ഞു.

ഈ ചരിത്ര ദിനത്തിന്റെ പ്രാധാന്യം വരുംതലമുറകൾക്ക് കൈമാറാനാണ് ഈ ആചരണം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവന പ്രകാരം, റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ ആഗസ്റ്റ് 11 തങ്ങളുടെ സ്വാതന്ത്ര്യദിനമായി കണക്കാക്കുന്നുവെന്നും എല്ലാ വർഷവും ഈ അവസരം ആഘോഷിക്കുന്നത് തുടരുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഈ മേഖലയിലുടനീളം നീണ്ടുനിന്ന സംഘർഷം, അശാന്തി, ഭീകരവാദം, സാമ്പത്തിക അസ്ഥിരത, രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവയ്ക്ക് കാരണമായെന്ന് പ്രസ്താവനയിൽ അവർ അവകാശപ്പെടുന്നു. പാകിസ്താന്റെ നയങ്ങൾ ബലൂച് മേഖലയെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് അവർ ആരോപിച്ചു.

കശ്മീർ വിഷയം, 1948 മാർച്ചിലെ ബലൂചിസ്ഥാനിലെ സൈനിക നടപടി, 1971-ലെ കിഴക്കൻ പാകിസ്താനിലെ യുദ്ധം, ജോർദാനിൽ പലസ്തീനികളുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങൾ, സോവിയറ്റ്-അഫ്ഗാൻ യുദ്ധം, 1998-ൽ ചാഗായി ജില്ലയിൽ നടത്തിയ ആണവ പരീക്ഷണങ്ങൾ, അമേരിക്കയിലെ സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷമുള്ള സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട്.

ഈ സംഭവങ്ങൾ മേഖലയിലെ അസ്ഥിരതയ്ക്കും സംഘർഷത്തിനും രക്തച്ചൊരിച്ചിലിനും കാരണമായെന്ന് അവർ അവകാശപ്പെട്ടു. പാകിസ്താൻ നിലവിലെ രൂപത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ശാശ്വത സമാധാനവും വികസനവും സമൃദ്ധിയും കൈവരിക്കാനാവില്ലെന്ന് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ വിശ്വസിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ ഔദ്യോഗികമായി അംഗീകരിക്കാനും തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കാനും റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാനും അതിലെ ആറുകോടിയോളം വരുന്ന ബലൂച് ജനതയും തങ്ങളെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി കണക്കാക്കുന്നുവെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഗ്രൂപ്പിന്റെ പ്രസ്താവന പ്രകാരം, ഉപഭൂഖണ്ഡത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണം പിൻവാങ്ങുന്ന സമയത്ത് 1947 ഓഗസ്റ്റ് 11-നാണ് ബലൂചിസ്ഥാൻ ആദ്യമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപന വാർത്ത ദ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഓൾ ഇന്ത്യ റേഡിയോ സംപ്രേക്ഷണം ചെയ്തിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ, ബലൂച് ജനത ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആചരിക്കുന്നുണ്ടെന്നും വരും വർഷങ്ങളിലും ഈ അവസരം ആഘോഷിക്കുന്നത് തുടരുമെന്നും ഗ്രൂപ്പ് അറിയിച്ചു. അതേസമയം പാകിസ്താൻ ആഗസ്റ്റ് 14-നും ഇന്ത്യ ആഗസ്റ്റ് 15-നുമാണ് സ്വാതന്ത്ര്യദിനം ആചരിക്കുന്നത്.

Content Highlights: Republic of Balochistan officially designates August 11 as Independence Day. The movement references the historical declaration of August 11, 1947. Call for international recognition and global celebrations by the Baloch people. Accusations against Pakistan regarding regional instability and historical conflicts.