ബലൂചിസ്ഥാനിൽ പാക് സൈന്യത്തിനുനേരെ ആക്രമണ പരമ്പര; സൈനികർ കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്ത് വിമതർ

#ന്യൂസ് ഡെസ്‌ക്
ബിഎല്‍എഫ് പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യം | X, Amir Baloch
ബിഎല്‍എഫ് പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യം | X, Amir Baloch

ഇസ്ലാമാബാദ്/ ക്വറ്റ: പാകിസ്താൻ സൈന്യത്തിനെതിരെ ശക്തമായ ആക്രമണ പരമ്പരയുമായി ബലൂച് വിഘടനവാദി സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (BLF). 'ഓപ്പറേഷൻ അൽമാസ്' (Operation Almas) എന്ന് പേരിട്ട് നടത്തിയ ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജൻസ് ക്യാപ്റ്റനെയും സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ നിരവധി ഉദ്യോഗസ്ഥരെയും വധിച്ചതായി ബി.എൽ.എഫ്.  അവകാശപ്പെട്ടു. സംഘടനയുടെ വക്താവ് മേജർ ഗ്വാഹ്‌റാം ബലൂച് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമണങ്ങളിൽ പാകിസ്താൻ സേനയ്ക്ക് കനത്ത ജീവഹാനിയും ആയുധങ്ങൾ നശിപ്പിക്കപ്പെട്ടതായും, പലയിടങ്ങളിലും സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നതായും ബി.എൽ.എഫ്. അവകാശപ്പെടുന്നു. പാക് സൈന്യവുമായുള്ള നിലവിലെ ഓപ്പറേഷന്റെ ഭാഗമായുള്ള ഏറ്റുമുട്ടലിൽ ഓപ്പറേഷൻ അൽമാസ് പൂർണ തീവ്രതയോടെയും വിജയത്തോടെയും തുടരുകയാണെന്നും ബി.എൽ.എഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

പാക് സൈന്യത്തിന്റെ ഫ്രോണ്ടിയർ വർക്‌സ് ഓർഗനൈസേഷന്റെ പ്രധാന ക്യാമ്പ് പിടിച്ചെടുത്ത ബി.എൽ.എഫ്. പ്രവർത്തകർ ഗ്വാദർ സീറോ പോയിന്റിൽ തങ്ങളുടെ സംഘടനയുടെ പതാക ഉയർത്തിയതായി അവകാശപ്പെട്ടു. മുഷാനി പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത വിമതർ അവിടെയുണ്ടായിരുന്ന ആയുധങ്ങളും സൈനിക സാമഗ്രികളും പിടിച്ചെടുത്തു. ഈ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും സംഘടന അവകാശപ്പെട്ടു.

ഗുബ്ദിൽ പാകിസ്താൻ സുരക്ഷാ സേനയുടെ വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ സൈനിക വാഹനം തകർക്കപ്പെടുകയും നിരവധി ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഗുബ്ദ് ക്രോസിലെ പോലീസ് ചെക്ക്പോസ്റ്റിന്റെ നിയന്ത്രണവും ബി.എൽ.എഫ്. പിടിച്ചെടുത്തു.

ആക്രമണങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പശ്ചാത്തലത്തിൽ വെടിയൊച്ചകൾ മുഴങ്ങുന്നതിനിടെ 'പാകിസ്താൻ ഇപ്പോൾ തോറ്റുകഴിഞ്ഞു, ഇനി ഞങ്ങളോട് പോരാടാൻ അവർക്കാവില്ല' എന്ന് ഒരു സ്ത്രീ പറയുന്നതും, മറ്റൊരു വീഡിയോയിൽ ഒരു സ്ത്രീ അസോൾട്ട് റൈഫിൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതും കാണാം. 

Content Highlights: Balochistan Liberation Front seizes Gwadar military camp, raising their flag and claiming control over key strategic locations in the region.