ഖമനേയിയുടെ സംസ്കാരചടങ്ങുകൾ തുടങ്ങി; ഭൗതികശരീരം ഇത്രകാലം എവിടെയായിരുന്നു? എന്തുകൊണ്ട് വൈകി?

ടെഹ്‌റാൻ: ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്ക് ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരുക്കങ്ങളാണ് ഇറാന്റെ ഭരണകൂടം നടത്തുന്നത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്ന വൻചടങ്ങുകൾക്കായി ഖമേനിയുടെ ഭൗതികാവശിഷ്ടങ്ങൾ ടെഹ്റാനിൽ എത്തിച്ചുകഴിഞ്ഞു. ശനിയാഴ്ച നടക്കുന്ന വിലാപയാത്രയിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ഇറാൻ ഭരണകൂടം ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.
ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ശവമഞ്ചം ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാന ചടങ്ങുകൾ നടക്കുന്ന ഗ്രാൻഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങൾ ഇറാനിലെ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജൻസികളും പുറത്തുവിട്ടിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചെത്തിയ വൻ ജനക്കൂട്ടവും ചുവന്ന പൂക്കളും വെളുത്ത ശലഭങ്ങളും നിറഞ്ഞ പശ്ചാത്തലത്തിൽ വെച്ചിരിക്കുന്ന ശവമഞ്ചവും മറ്റും ഈ ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. അടുത്ത ആഴ്ച ഖോമിലും മഷാദിലും വൻ വിലാപയാത്രകളും ഇറാഖിൽ പ്രത്യേക ചടങ്ങുകളും നടക്കും. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് മാറ്റിവെച്ച വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ടെഹ്റാനിൽ ഇപ്പോൾ തകൃതിയായി നടക്കുകയാണ്.
ഭൗതികശരീരം മൂന്ന് ദിവസം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും. ഖമനേയിയുടെ ചിത്രങ്ങളും ഉദ്ധരണികളും അടങ്ങിയ ബാനറുകളാൽ അലംകൃതമാണ് ഗ്രാൻഡ് മൊസല്ല. ആക്രമണത്തിൽ ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ ബന്ധുക്കളുടെ മൃതദേഹങ്ങളും ചടങ്ങിൽ പ്രദർശിപ്പിക്കും. അങ്ങനെ, രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക വിലാപയാത്രയായി ഇത് മാറിയേക്കും എന്നാണ് ഔദ്യോഗികവൃത്തങ്ങൾ കണക്കുകൂട്ടുന്നത്. ടെഹ്റാനിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലേക്കും കർബലയിലേക്കും കൊണ്ടുപോകും. തുടർന്ന് ജൂലൈ ഒമ്പതിന് വടക്കുകിഴക്കൻ ഇറാനിലെ അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ ഖബറടക്കും.
ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അത്താ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റയും ചടങ്ങിൽ പങ്കെടുക്കും. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുക്കുമെന്ന് പാകിസ്താൻ അറിയിച്ചു. ചൈന, അഫ്ഗാനിസ്ഥാനും ഉൾപ്പെടെ മറ്റ് അയൽരാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഷിയാ മുസ്ലീങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ആത്മീയ നേതാവായിരുന്നു 86-ാം വയസ്സിൽ കൊല്ലപ്പെട്ട ഖമനേയി. ഇറാന്റെ പുതിയ നേതാവായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയി ചുമതലയേൽക്കുന്ന നിർണ്ണായകമായ ഒരു രാഷ്ട്രീയ ഘട്ടത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത് എന്നതും പ്രധാനമാണ്.
ഖമനേയി മരിച്ച് നാല് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുന്നത് എന്നത് ഇസ്ലാമിക ആചാരപ്രകാരം തികച്ചും അസാധാരണമാണ്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ രൂക്ഷമായിരുന്ന സാഹചര്യമാണ് ഈ കാലതാമസത്തിന് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. അദ്ദേഹത്തിന്റെ മൃതദേഹം താൽക്കാലികമായി ഖബറടക്കി എന്ന് കിംവദന്തികൾ പരന്നിരുന്നെങ്കിലും, മൃതദേഹം മതപരമായ നിയമങ്ങൾക്കനുസൃതമായി ശീതീകരിച്ച അറയിൽ (Cold Storage) സൂക്ഷിക്കുകയായിരുന്നുവെന്ന് ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇസ്ലാം മതവിശ്വാസ പ്രകാരം, മൃതദേഹത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള എംബാമിങ് അനുവദനീയമല്ലാത്തതിനാലാണ് മൃതദേഹം ശീതീകരിച്ച് സൂക്ഷിച്ചത്.
കൗണ്ടർ ടെററിസം വിദഗ്ധനായ ഡോ. മുഹമ്മദ് ഒമർ ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞത്, ഇസ്ലാം രാസ എംബാമിങ് വിലക്കുന്നതിനാൽ ആയത്തുള്ളയുടെ ഭൗതികാവശിഷ്ടങ്ങൾ തീർച്ചയായും ശീതീകരിച്ച അറയിൽ (Cold storage) ആയിരിക്കും സൂക്ഷിച്ചിരിക്കുക എന്നാണ്. 'അസാധാരണമായ സാഹചര്യങ്ങളിൽ ശവസംസ്‌കാരം വൈകിപ്പിക്കുന്നതിനും മൃതദേഹം തണുപ്പിച്ചു സൂക്ഷിക്കുന്നതിനും ഷിയ നിയമം അനുവാദം നൽകുന്നുണ്ട്, കൂടാതെ ഒരു പരമോന്നത നേതാവിനായി ഇത്തരം മതപരമായ ഇളവുകൾ നേടുക എളുപ്പവുമാണ്. ഇറാനിലെ ഫോറൻസിക് മോർച്ചറികൾ മാസങ്ങളോളം മൃതദേഹങ്ങൾ സൂക്ഷിക്കാറുണ്ട്, അതിനാൽ നാല് മാസത്തെ ശീതീകരണം എന്നത് അത്ര അത്ഭുതകരമായ ഒന്നല്ല. മതപരവും നിയമപരവുമായ മാനദണ്ഡങ്ങൾ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്.' ഒമർ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഷിയാ വിശ്വാസികൾക്കുമേൽ അത്രയും വലിയ സ്വാധീനമുള്ള നേതാവിന്റെ വിയോഗം ഇറാന്റെ രാഷ്ട്രീയ സ്ഥിരതയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്തലുകളും കാരണം സർക്കാരിനോടുള്ള ജനപിന്തുണ കുറഞ്ഞുവരുന്നതായാണ് സ്രോതസ്സുകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ, യുദ്ധസാഹചര്യങ്ങൾ കാരണം നാലുമാസത്തോളം വൈകി നടക്കുന്ന ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ ഇറാൻ ഭരണകൂടം ഒരു ജനകീയ ഹിതപരിശോധനയായിട്ട് കൂടിയാണ് കാണുന്നത്. അതുകൊണ്ടുതന്നെ സംസ്‌കാര ചടങ്ങുകളിലും വിലാപയാത്രകളിലും പങ്കെടുക്കണമെന്നാണ് ഇറാനിലെ നേതാക്കൾ ജനങ്ങളോട് അഭ്യർഥിച്ചിരിക്കുന്നത്.
'രക്തസാക്ഷിയായ നേതാവിന്റെയും മറ്റ് രക്തസാക്ഷികളുടെയും വിലാപയാത്രയിൽ ജനങ്ങൾ വൻതോതിൽ പങ്കെടുക്കുന്നത് യഥാർത്ഥത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിനുള്ള മറ്റൊരു ജനഹിതപരിശോധനയായിരിക്കും.' ഖോമിലെ വെള്ളിയാഴ്ച പ്രാർത്ഥനാ നേതാവ് അയാത്തുള്ള മുഹമ്മദ് സൈദി ഔദ്യോഗിക മാധ്യമങ്ങളോട് പ്രഖ്യാപിച്ചു. 'ഇറാനിലെ എല്ലാ ജനങ്ങളോടും... നിങ്ങളുടെ സാന്നിധ്യത്തിലൂടെ ഇസ്ലാമിക് ഇറാന്റെ ചരിത്രത്തിൽ ഒരു മഹത്തായ താൾ എഴുതാൻ ഞാൻ അഭ്യർത്ഥിക്കുന്നു. രാഷ്ട്രത്തിന്റെ പ്രതികാരത്തിനായുള്ള വിളി ലോകമെമ്പാടും മുഴങ്ങണം.' ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പറഞ്ഞു.
'നിങ്ങളുടെ വലിയ സാന്നിധ്യം ഭീകരതയുടെയും അക്രമത്തിന്റെയും ഭീഷണിയുടെയും യുക്തിക്കുള്ള ശക്തമായ മറുപടിയായിരിക്കും. ഇറാൻ ജനത അവരുടെ സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഐക്യത്തോടെ നിലകൊള്ളുന്നു എന്ന വ്യക്തമായ സന്ദേശമായിരിക്കും ഇത് ലോകത്തിന് നൽകുക.' ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നഗരങ്ങളിൽ 1.5-2 കോടി വരെ അനുയായികളെ അണിനിരത്താനാണ് ഇറാൻ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി ഗതാഗതം, താമസം, ഭക്ഷണം എന്നിവയെല്ലാം ഭരണകൂടം ഒരുക്കുന്നുണ്ട്. ഖമനേയിയുടെ മരണവും മകൻ മൊജ്തബ ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി അധികാരമേൽക്കുന്നതും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 47 വർഷത്തെ ചരിത്രത്തിലെ നിർണ്ണായക നിമിഷമാണ്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൊജ്തബയെ യുദ്ധം തുടങ്ങിയ ശേഷം പൊതുപരിപാടികളിൽ കണ്ടിട്ടില്ല. ജീവന് ഭീഷണിയുള്ളതിനാൽ അദ്ദേഹം പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഐക്യത്തിന്റെയും ഭക്തിയുടെയും പുറംമോടിക്കപ്പുറം, ഇസ്ലാമിക് റിപ്പബ്ലിക്കിനോടുള്ള ജനപിന്തുണ വളരെ കുറവാണ് എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പതിറ്റാണ്ടുകളായി തങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകർക്കുന്ന ഉപരോധങ്ങളിലും 1979-ലെ വിപ്ലവത്തിന്റെ പേരിൽ നടക്കുന്ന അടിച്ചമർത്തലുകളിലും ഇറാനിലെ ജനങ്ങൾ അസ്വസ്ഥരാണ്. വിലക്കയറ്റത്തെത്തുടർന്ന് ഡിസംബറിലും ജനുവരിയിലും ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ പലരും ഖമനേയിയുടെ മരണത്തിനായി മുദ്രാവാക്യം വിളിച്ചിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരെ വെടിവെച്ചുകൊന്നാണ് അധികൃതർ അന്ന് ആ പ്രക്ഷോഭത്തെ അടിച്ചമർത്തത്. ഖമനേയി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്ന ആദ്യ ദിവസങ്ങളിൽ ടെഹ്റാനിലെ ചില വീടുകളിൽ നിന്ന് ആഹ്ലാദപ്രകടനങ്ങൾ ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വിലാപയാത്രയെ ദേശീയ ഐക്യത്തിന്റെയും പങ്കുവെച്ച ദുഃഖത്തിന്റെയും നിമിഷമായി അവതരിപ്പിക്കാനാണ് ശ്രമം. ഔദ്യോഗിക പ്ലാനിങ് ബോഡി പങ്കുവെച്ച വിലാപയാത്രയുടെ ചിഹ്നം, ആയത്തുള്ള അലി ഖമനേയിയുടെ അടച്ചുപിടിച്ച മുഷ്ടിയും അതിനൊപ്പം 'നാം ഉണരണം' (We must rise) എന്ന മുദ്രാവാക്യവുമാണ്. അതേസമയം, ഇറാൻ വിപ്ലവത്തിന്റെ പിതാവായി കണക്കാക്കുന്ന ആയത്തുള്ള റുഹൊള്ള ഖൊമേനിയുടെ വൈകാരികമായ അവസാന വിലാപയാത്രയിൽനിന്ന് വ്യത്യസ്തമാണ് നിലവിലെ ടെഹ്റാനിലെ അവസ്ഥ.
അന്ന്, ലക്ഷക്കണക്കിന് ആളുകളാണ് കരഞ്ഞുകൊണ്ട് ഖൊമേനിയുടെ വിലാപയാത്രയെ പൊതിഞ്ഞത്; ചിലർ ആംബുലൻസിന് മുകളിൽ കയറുകയും നിലവിളിക്കുകയും മൃതദേഹത്തെ കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യുകയും ഒടുവിൽ ശവക്കച്ചയ്ക്കുള്ളിൽനിന്ന് കാലുകൾ പുറത്തേക്ക് വരികയും ചെയ്തിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അന്ന് റെവല്യൂഷണറി ഗാർഡുകൾക്ക് ഏറെ പാടുപെടേണ്ടി വന്നിരുന്നു. ആ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇറാൻ ഇപ്പോൾ പിരിമുറുക്കം നിറഞ്ഞതും എന്നാൽ ശാന്തവുമാണ്.
Content Highlights: Ayatollah Khamenei was killed on February 28 during US-Israeli strikes. The funeral was delayed for four months due to volatile wartime conditions. State ceremonies are spanning across Tehran, Qom, Mashhad, and Iraq. The burial is scheduled for July 9, 2026, at the shrine of Imam Reza. The regime is framing the event as a referendum on the Islamic Republic's stability.