ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുകയില്ലെന്ന് മഹ്ഫുജ് ആലം

ധാക്ക: ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ ഉപദേഷ്ടാവ് മഹ്ഫുജ് ആലം. ബംഗ്ലാദേശ് അനുകൂല ഗ്രൂപ്പുകള്‍ക്കിടയില്‍ മാത്രമേ മത്സരംനടക്കുവെന്ന് ചാന്ദ്പൂര്‍ ജില്ലയിലെ ഒരു റാലിയില്‍ ആലം പ്രഖ്യാപിച്ചു.
ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി), ജമാഅത്തെ ഇസ്ലാമി, മറ്റു ബംഗ്ലാദേശ് അനുകൂല സംഘടനകള്‍ എന്നിവയ്ക്ക് മാത്രമേ ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കൂവെന്ന് ആലം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനാ ഭരണത്തെ അട്ടിമറിക്കുകയും അവരെ നാടുകടത്തുകയും ചെയ്ത ബഹുജന പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തികൂടിയാണ് ആലം. അവാമി ലീഗിനെ ഈ രാജ്യത്ത് പുനരധിവസിപ്പിക്കാന്‍ ഉദ്ദേശമില്ല. ഹസീനയുടെ സര്‍ക്കാര്‍ നശിപ്പിച്ച ബംഗ്ലാദേശിന്റെ ഉന്നമനത്തിനുള്ള എല്ലാ പദ്ധതികളും കൊണ്ടുവരുമെന്ന് ആലം പറഞ്ഞു. 2025 ന്റെ അവസാനമോ അല്ലെങ്കില്‍ 2026 ന്റെ തുടക്കത്തിലോ ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഹസീനയടക്കം 96 പേരുടെ പാസ്പോര്‍ട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ ഇന്ത്യ വിസാ കാലാവധി നീട്ടി നല്‍കുകയും ചെയ്തു.
Content Highlights: Sheikh hasina's Awami League won't be allowed to contest Bangladesh polls: Mahfuz Alam