ആന്തണി അല്‍ബനീസ് വിവാഹിതനായി; അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ഭാര്യ ജോഡി ഹെയ്ഡനൊപ്പം | Photo: AFP
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ഭാര്യ ജോഡി ഹെയ്ഡനൊപ്പം | Photo: AFP

സിഡ്‌നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് (62) വിവാഹിതനായി. ദീര്‍ഘകാല പങ്കാളിയായ ജോഡി ഹെയ്ഡനെ(46)യാണ് അല്‍ബനീസ് ശനിയാഴ്ച വിവാഹം കഴിച്ചത്. ഇതോടെ, അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന രാജ്യത്തെ ആദ്യത്തെ നേതാവായി മാറി അല്‍ബനീസ്. സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍.

കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ 'ദി ലോഡ്ജി'ന്റെ പൂന്തോട്ടത്തില്‍ നടന്ന സ്വകാര്യ ചടങ്ങില്‍വെച്ചാണ് വിവാഹം നടന്നത്. ബോ-ടൈ ധരിച്ച്, നീണ്ട വെള്ള ഗൗണ്‍ അണിഞ്ഞ പുഞ്ചിരിക്കുന്ന വധുവിന്റെ കൈപിടിച്ച്, ചുറ്റും പറന്നുവീഴുന്ന വര്‍ണ്ണക്കടലാസുകള്‍ക്കിടയിലൂടെ നടക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അല്‍ബനീസ് എക്‌സില്‍ കുറിച്ചു, 'വിവാഹിതനായി'. 

'ഞങ്ങളുടെ സ്‌നേഹവും ഒരുമിച്ച് ജീവിക്കാനുള്ള പ്രതിബദ്ധതയും, ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മുന്നില്‍ പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്.' അല്‍ബനീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായി നിരവധി പരിപാടികളില്‍ ഹെയ്ഡന്‍ അല്‍ബനീസിനൊപ്പം പങ്കെടുത്തിട്ടുണ്ട്.

2022-ലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും, ഈ വര്‍ഷം മെയില്‍ അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും അവര്‍ ഒപ്പമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് മെല്‍ബണില്‍ നടന്ന ഒരു ബിസിനസ് ഡിന്നറില്‍ വെച്ചാണ് അദ്ദേഹം ഹെയ്ഡനെ കണ്ടുമുട്ടിയത്.

2024-ലെ വാലന്റൈന്‍സ് ദിനത്തില്‍, 'ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പങ്കാളിയെ' തനിക്ക് ലഭിച്ചുവെന്ന് അല്‍ബനീസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വിവാഹാഭ്യര്‍ത്ഥന നടത്തി ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ അദ്ദേഹം വിവാഹിതനായത്. 2019-ലാണ് അല്‍ബനീസ് മുന്‍ ഭാര്യയുമായി വിവാഹമോചനം നേടിയത്. ആദ്യ വിവാഹത്തില്‍ നഥാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട്. 

Content Highlights: Australian PM Anthony Albanese makes history by marrying Jodie Haydon while in office. Learn about the private ceremony, their vows, and this significant moment for the nation`s leader.