15,000 അടി ഉയരത്തിലെ പരീക്ഷണം വിജയം; കൂടുതല്‍ കരുത്തുമായി വരുന്നൂ ആകാശ് പ്രൈം

ലഡാക്ക്: വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്ത് കൂട്ടാന്‍ ഇന്ത്യ. ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേനയാണ് വിക്ഷേപണം നടത്തിയത്.
15,000 അടി ഉയരത്തിലാണ് മിസൈലുകളുടെ പരീക്ഷണം നടത്തിയത്. വ്യോമസേനയ്‌ക്കൊപ്പം ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മിസൈൽ സംവിധാനം വികസിപ്പിച്ചത് കേന്ദ്ര പ്രതിരോധ ഏജന്‍സിയായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) ആണ്. വേഗത്തില്‍ ചലിക്കുന്ന ലക്ഷ്യങ്ങളിലേക്ക് രണ്ട് തവണ മിസൈല്‍ കൃത്യമായി പതിച്ചെന്നും ദുര്‍ഘടമായ സാഹചര്യങ്ങളിലുള്ള മിസൈല്‍ സംവിധാനത്തിന്റെ മികവാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സേനയിലെ തേര്‍ഡ്, ഫോര്‍ത്ത് റെജിമെന്റുകളുടെ ഭാഗമായിരിക്കും ആകാശ് പ്രൈം. നേരത്തേ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ശ്രമങ്ങളെ തകര്‍ത്തതില്‍ സുപ്രധാന പങ്കുവഹിച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ആകാശ്. ചൈനീസ് ജെറ്റുകളും ടര്‍ക്കിഷ് ഡ്രോണുകളും ഉപയോഗിച്ചുള്ള പാക് ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ആകാശ് മിസൈല്‍ സംവിധാനങ്ങളാണ് ഇന്ത്യയെ സഹായിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ് മിസൈല്‍ സംവിധാനങ്ങൾ. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളില്‍ പതിപ്പിക്കാവുന്നതുമാണ് മിസൈല്‍ സംവിധാനം.
ആകാശ് മാര്‍ക്ക്-ഐ, ആകാശ് 1 എസ്, ആകാശ്- എന്‍ജി എന്നിങ്ങനെ ഈ മിസൈല്‍ സംവിധാനത്തിന്റെ വിവിധ പതിപ്പുകള്‍ നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. ആകാശ് എന്‍ജി(നെക്‌സ്റ്റ് ജനറേഷന്‍) പ്രതിരോധ സംവിധാനത്തിന് 70 മുതല്‍ 80 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാനാകും. അതിവേഗത്തിലെത്തുന്ന മിസൈലുകള്‍, റഡാര്‍ ക്രോസ് സെക്ഷന്‍ കുറവുള്ള സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനവും ആകാശ് എന്‍ജിയിലുണ്ട്. കരയില്‍നിന്ന് ആകാശത്തെ ലക്ഷ്യങ്ങളിലേക്ക് പ്രയോഗിക്കുന്ന സര്‍ഫസ് ടു എയര്‍ മിസൈല്‍ സംവിധാനമാണ് ആകാശ് 1 എസ്.
Content Highlights: Army successfully tests Akash Prime air defence system ladakh