ഗാസയുടെ ഭരണം വിടുക, ആയുധങ്ങൾ കൈമാറുക; ഹമാസിനോട് അറബ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും

പ്രതീകാത്മക ചിത്രം| Photo: AP
പ്രതീകാത്മക ചിത്രം| Photo: AP

ന്യൂയോർക്ക്‌: ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഗാസയിലെ ഭരണം ഉപേക്ഷിക്കാൻ ഹമാസ് തയ്യാറാവണമെന്ന് അറബ്‌ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനോട് ഭരണം വിട്ടുപോവാൻ നിർദേശിച്ചത്. 

ഇസ്രയേലിനും പലസ്തീനുമിടയിൽ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സമ്മേളനത്തിൽ അംഗീകരിച്ച ഏഴ് പേജുള്ള രേഖയിലാണ് ഈ രാജ്യങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടത്. നിർദേശത്തെ അറബ് ലീഗും യൂറോപ്യൻ യൂണിയനും  ഉൾപ്പെടെ പതിനേഴ് രാജ്യങ്ങൾ പിന്തുണച്ചു. നിലവിലെ യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെ യുഎൻ പ്രമേയം അപലപിക്കുകയും ചെയ്തു. 

'ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, പലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യത്തിനു വേണ്ടി, ഗാസയിലെ ഭരണം ഹമാസ് അവസാനിപ്പിക്കുകയും ആയുധങ്ങൾ പലസ്തീൻ അതോറിറ്റിക്ക് കൈമാറുകയും വേണം.' യുഎൻ അംഗീകരിച്ച പ്രഖ്യാപനത്തിൽ പറയുന്നു. ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും പലസ്തീൻ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവസരം നൽകണമെന്നും യുഎന്നിലെ പലസ്തീൻ പ്രതിനിധി സംഘം ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ പ്രമേയം.

ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും രേഖയിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും യോഗത്തിൽനിന്ന് വിട്ടുനിന്നു. യുദ്ധം അവസാനിച്ച ശേഷം ഗാസയെ സുസ്ഥിരമാക്കാൻ വിദേശസൈന്യത്തെ വിന്യസിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയ്ക്കൊപ്പം സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ഫ്രാൻസ്, ഈ പ്രഖ്യാപനത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്‌.

'അറബ് രാജ്യങ്ങളും മിഡിൽ ഈസ്റ്റിലുള്ളവരും ഹമാസിനെ അപലപിക്കുന്നു, ഒക്ടോബർ 7-നെ അപലപിക്കുന്നു. ഹമാസിന്റെ നിരായുധീകരണത്തിനായി ആഹ്വാനം ചെയ്യുന്നു. പലസ്തീൻ ഭരണത്തിൽനിന്ന് അവരെ ഒഴിവാക്കാൻ ആവശ്യപ്പെടുന്നു. ഭാവിയിൽ ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള ഉദ്ദേശ്യം വ്യക്തം.' ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോ പറഞ്ഞു.

ഹമാസിന്റെ ഒക്ടോബർ 7 ആക്രമണത്തിൽ 1,200-ലധികം പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. ഇതിന് മറുപടിയായി ഇസ്രയേൽ വലിയ തോതിലുള്ള സൈനികാക്രമണം നടത്തുകയും പതിനായിരക്കണക്കിന് പലസ്തീനികളുടെ മരണത്തിനും ഇടയാക്കി. ഇതിനെല്ലാം പുറമെ, ഒറ്റപ്പെട്ടു പോയ ഗാസയിൽ പട്ടിണി പടരുകയും കുട്ടികളടക്കം ഒട്ടേറെ പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു

Content Highlights: Arab countries, European Union ask hamas to Hamas to to give up weapons and end is rule in the Gaza