എല്ലാ സയണിസ്റ്റ് പ്രതിപക്ഷ പാർട്ടികളും സർക്കാരിൽ ചേരണം; ഐക്യസർക്കാർ രൂപവത്കരിക്കാൻ ആഹ്വാനവുമായി നെതന്യാഹു

ടെൽ അവീവ്: ഇസ്രയേലിൽ എല്ലാ സയണിസ്റ്റ് പ്രതിപക്ഷ പാർട്ടികളോടും ഐക്യസർക്കാരിൽ ചേരാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്തെ പ്രധാന വെല്ലുവിളികൾ നേരിടാൻ എല്ലാ പാർട്ടികളും ഒന്നിക്കേണ്ടത് ഈ സമയത്തെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോയിലൂടെയാണ് പ്രതിപക്ഷ നേതാക്കളോട് നെതന്യാഹു ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയിൽ ഐക്യസർക്കാരിന് താൻ നേതൃത്വം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതൊരു സയണിസ്റ്റ് പാർട്ടിക്കും സർക്കാരിന്റെ ഭാഗമാകാം. ആരെയും പരിഗണനയിൽനിന്ന് ഒഴിവാക്കിയിട്ടില്ല. തീവ്ര ഓർത്തഡോക്സ് വിഭാഗമായ ഹരേദി പാർട്ടികളും ദേശീയ ക്യാമ്പിന്റെ ഭാഗമാണ്. അവരും സർക്കാരിൽ ഉൾപ്പെടണം. രാജ്യത്തിന് മുന്നിലുള്ള വലിയ വെല്ലുവിളികളെ നേരിടാൻ പാർട്ടികൾ ഒന്നിച്ചുനിൽക്കണം. ഹമാസിനെ പിന്തുണയ്ക്കുന്നവരെ ഉൾപ്പെടുത്തി സർക്കാർ രൂപവത്കരിക്കാൻ കഴിയില്ലെന്നും നെതന്യാഹു പറഞ്ഞു.
നേരത്തേയും ഐക്യസർക്കാരിനായി നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. രാജ്യത്ത് ഐക്യം ഉണ്ടാകേണ്ട സമയമാണിതെന്നും ജനങ്ങളുടെ ആഗ്രഹവും ഈ സമയത്തെ ആവശ്യവും അതാണെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുടെ സഹായത്തോടെ രൂപീകരിക്കുന്ന സർക്കാരിന് ഭീകരവാദത്തിനെതിരെ പോരാടാനാകില്ലെന്നും നെതന്യാഹു ആരോപിച്ചിരുന്നു.
പ്രതിപക്ഷ പാർട്ടികൾ ഇസ്ലാമിസ്റ്റുകളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചാൽ ഇസ്രയേലിന് നിലനിൽക്കാനാകില്ലെന്ന് നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരമൊരു സർക്കാർ രാജ്യത്തെ ഉള്ളിൽനിന്ന് തകർക്കും. ഇസ്ലാമിസ്റ്റുകളുടെ പിന്തുണയോടെയുള്ള പ്രതിപക്ഷ സർക്കാരിനെക്കുറിച്ചുള്ള ആശങ്കയും ഹമാസ് അനുകൂലികളെ ഉൾപ്പെടുത്തരുതെന്ന നിലപാടും വ്യക്തമാക്കിക്കൊണ്ടാണ് ഇപ്പോൾ എല്ലാ സയണിസ്റ്റ് പ്രതിപക്ഷ പാർട്ടികളോടും ഐക്യസർക്കാരിൽ ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights: Israeli Prime Minister Benjamin Netanyahu released a video message urging all Zionist opposition parties to join a national unity government under his leadership to collectively face the nation's major challenges.