മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ തിരിച്ചെത്തി അഹമ്മദ് വാഹിദി;ഖമനേയിയുടെ സംസ്കാരചടങ്ങിനെത്തി

#ന്യൂസ് ഡെസ്ക്
ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹത്തിനരികെ അഹമ്മദ് വാഹിദി | Photo: AFP
ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹത്തിനരികെ അഹമ്മദ് വാഹിദി | Photo: AFP

ടെഹ്‌റാൻ: കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ പൊതുവേദിയിൽ തിരിച്ചെത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുതിർന്ന കമാൻഡർ ജനറൽ അഹമ്മദ് വാഹിദി. 'ഇറാന്റെ നിഴൽ ജനറൽ' (shadow general) എന്ന് അറിയപ്പെടുന്ന അഹമ്മദ് വാഹിദി, മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക ശവസംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായാണ് ടെഹ്റാനിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

അദ്ദേഹം മരിച്ചുവെന്ന ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കും ഓൺലൈൻ പ്രചാരണങ്ങൾക്കും ഇതോടെ അറുതിയായി. നിലവിൽ ഐആർജിസിയുടെ നേതൃത്വം വഹിക്കുന്ന വാഹിദി, ഇറാന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും ശക്തനായ വ്യക്തിയായാണ് അറിയപ്പെടുന്നത്. ഖമനേയിക്ക് ശേഷമുള്ള ഇറാന്റെ പുതിയ അധികാര ഘടനയിൽ വാഹിദിക്കുള്ള നിർണായക സ്വാധീനം ഈ പുനഃപ്രവേശം അടിവരയിടുന്നു. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന വിപുലമായ ശവസംസ്‌കാര ചടങ്ങുകളുടെ ക്രമീകരണങ്ങളിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്.

വ്യാഴാഴ്ച നടന്ന ശവസംസ്‌കാര ആസൂത്രണ യോഗത്തിൽ വാഹിദി പങ്കെടുക്കുന്നതിന്റേയും പിന്നീട് നടന്ന സ്വകാര്യ ചടങ്ങിൽ ഖമനേയിയുടെ മൃതദേഹത്തിന് അരികിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റേയും ചിത്രങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി എട്ടിന് ശേഷം ആദ്യമായാണ് വാഹിദി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. യുദ്ധസമയത്ത് അദ്ദേഹം എവിടെയായിരുന്നു എന്നതിനെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.

ഇറാന്റെ അധികാര ഘടനയിൽ പുതിയ ഒരാളല്ല വാഹിദി. ഐആർജിസിയിലെ ദീർഘകാല കമാൻഡറായ അദ്ദേഹം, എലൈറ്റ് ഖുദ്സ് ഫോഴ്സിന്റെ മുൻ തലവനായും പ്രതിരോധ, ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ 2026-ലെ സംഭവവികാസങ്ങൾ എല്ലാം മാറ്റിമറിച്ചു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ നേതാക്കൾ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന്, വാഹിദി ഐആർജിസിയുടെ തലവനായി ഉയർത്തപ്പെട്ടു.

ഇതോടെ ഇറാനിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മാറി വാഹിദി. അന്താരാഷ്ട്ര ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മേൽ ഉപരോധങ്ങൾ നിലനിൽക്കുന്നുണ്ട്. ഇറാന്റെ മിസൈൽ, സുരക്ഷാ സംവിധാനങ്ങളിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള ഇടപെടലും തീവ്രനിലപാടുകളോടുള്ള ചായ്‌വും അമേരിക്കയ്ക്കും ലോകത്തിനും വലിയ വെല്ലുവിളിയാണ്.

യുഎസും താൽകാലിക വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പുവെച്ചതോടെയാണ് ഇറാൻ ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് തുടക്കമിട്ടത്. ജൂലായ് നാല് മുതൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന ശവസംസ്‌കാര പരിപാടികളാണ് ഇറാൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ടെഹ്റാനിലെ ഗ്രാന്റ് മൊസല്ലയിലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ദശകങ്ങളോളം ഇറാനെ നയിച്ച ഖമേനിയുടെ വിയോഗത്തിൽ അനുശോചിക്കാനെത്തുന്ന ജനലക്ഷങ്ങൾക്കായി അധികൃതർ വലിയ തോതിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വിലാപയാത്രകളുടെ ഭാഗമായി ഇറാൻ സർക്കാർ നഗരത്തിലെ ഗതാഗതം തടസ്സപ്പെടുത്തുകയും ദൈനംദിന ജീവിതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും എന്നാണ് വിവരം. ജൂലായ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ടെഹ്റാനിലും കോമിലും പൊതു ചടങ്ങുകൾ നടക്കും. ജൂലായ് ഒമ്പതിന് മഷാദ് നഗരത്തിലാണ് ഖബറടക്കം നടക്കുക. ഔദ്യോഗിക ചടങ്ങുകൾക്ക് മുന്നോടിയായി, ഖമനേയി കൊല്ലപ്പെട്ട സ്ഥലത്തേക്ക് അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തേക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: Ahmad Vahidi reappears in public after death rumors since February 2026. Vahidi has been elevated to head the IRGC following the death of key Iranian leaders. Details regarding the six-day funeral schedule for Ayatollah Ali Khamenei starting July 4, 2026. Vahidi's history as former Quds Force head and his role in Iran's security apparatus.