അഫ്ഗാനിൽ 6 വയസ്സുകാരിയെ വിവാഹംചെയ്ത് 45-കാരൻ; 9 വയസ്സുകഴിഞ്ഞ് വീട്ടിൽ കൊണ്ടുപോയാൽ മതിയെന്ന് താലിബാൻ

45-കാരനായ വരൻ ആറുവയസ്സുകാരിയോടൊപ്പം
45-കാരനായ വരൻ ആറുവയസ്സുകാരിയോടൊപ്പം

കാബൂള്‍: അഫ്ഗാനിസ്താനില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയ വിവാഹംചെയ്ത് നാല്‍പ്പത്തഞ്ചുകാരന്‍. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. പെണ്‍കുട്ടിയെ പിതാവ് ഇയാള്‍ക്ക് വില്‍ക്കുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയുമായിരുന്നു. തെക്കൻ അഫ്ഗാനിലെ മര്‍ജ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ താലിബാന്‍ കുട്ടിയെ ഇയാളോടൊപ്പം വിടാന്‍ തയ്യാറായില്ല. ഒന്‍പത് വയസ്സായിട്ട് ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് താലിബാന്റെ വിചിത്ര നിലപാട്. 

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും വരനെയും പോലീസ് അറസ്റ്റുചെയ്‌തെങ്കിലും കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. താലിബാന്‍ അധികൃതര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകളും ഇറക്കിയിട്ടില്ല. പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് വിലക്കുക മാത്രമാണ് ചെയ്തത്. പെണ്‍കുട്ടി നിലവില്‍ രക്ഷിതാക്കളുടെ കൂടെയാണ്. വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് പണം നല്‍കുന്ന വല്‍വാര്‍ എന്ന സമ്പ്രദായം അഫ്ഗാനിസ്താനിലുണ്ട്. വധുവിന്റെ കുടുംബത്തെ വിവാഹത്തില്‍ സഹായിക്കാന്‍കൂടി ഉദ്ദേശിച്ചുള്ള നടപടിയാണിത്. പെണ്‍കുട്ടിയുടെ സൗന്ദര്യം, വിദ്യാഭ്യാസം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ മൂല്യം നിശ്ചയിക്കുക. ഇത്തരത്തില്‍ ആറുവയസ്സുകാരിയുടെ പിതാവും പണം കൈപ്പറ്റിയിട്ടുണ്ട്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനം ഉയരുകയാണ്. 

2021-ല്‍ താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെ രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ വ്യാപകമാണ്. സ്ത്രീകള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍, സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്കുകള്‍ എന്നിവയുള്‍പ്പെടെ വര്‍ധിച്ചു. താലിബാനില്‍ വിവാഹപ്രായം നിയമപരമായി നിശ്ചയിച്ചിട്ടില്ല.
 

Content Highlights: Afghan Girl, 6, Married to 45-Year-Old