അഫ്രീദി വേദിയിലെത്തിയ സംഭവം; മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ABVP

Photo: Screengrab/ x.com/SushilS27538625/
Photo: Screengrab/ x.com/SushilS27538625/

ന്യൂഡല്‍ഹി: ദുബായിലെ മലയാളി വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി എത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നല്‍കി എബിവിപി. കൊച്ചിന്‍ സര്‍വകലാശാല ബി-ടെക് അലുംനി അസോസിയേഷനെതിരെയാണ് പരാതി. അസോസിയേഷന്‍ ഭാരവാഹികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നതാണ് എബിവിപി ആവശ്യം.

കൊച്ചിന്‍ സര്‍വകലാശാല ബി-ടെക് അലുംനി അസോസിയേഷന്‍ കഴിഞ്ഞയാഴ്ച ദുബായിലെ പാകിസ്താന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അഫ്രീദി എത്തിയത്. മുന്‍ പാക് പേസ് ബൗളര്‍ ഉമര്‍ ഗുല്ലും അഫ്രീദിക്ക് ഒപ്പമുണ്ടായിരുന്നു. പരിപാടിയുടെ ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചരിച്ചതോടെ മലയാളി വിദ്യാര്‍ഥി കൂട്ടായ്മ അഫ്രീദിക്ക് സ്വീകരണമൊരുക്കി എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഫ്രീദി മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതിഷേധം. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ കൊച്ചിന്‍ സര്‍വകലാശാല ബി-ടെക് അലുംനി അസോസിയേഷന്‍ വിശദീകരണവുമായി രംഗത്തെത്തി. പാക് താരങ്ങള്‍ തങ്ങളുടെ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ എത്തിയതാണെന്നും ഇവര്‍ ഇതേ ഹാളില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടവരായിരുന്നുവെന്നുമായിരുന്നു വിശദീകരണം. ക്ഷണിക്കാതെയാണ് ഇവര്‍ വന്നതെങ്കിലും അപ്രതീക്ഷിതമായി വേദിയിലെത്തിയ ഇരുവരെയും ആ സമയം ഇറക്കിവിടാന്‍ കഴിഞ്ഞില്ലെന്നും സംഘാടനത്തില്‍ സംഭവിച്ച പിഴവിന് ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: ABVP filed a complaint against Cochin University`s B.Tech alumni association for hosting Afridi